ഇറാനെ ബോംബിട്ട് തകര്‍ ക്കുമെന്ന് അമേരിക്ക; ശക്തമായി നേരിടുമെന്ന് ഇറാന്‍

Share

വാഷിങ്ടണ്‍: ആണവക്കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാന് താക്കീതുമായി അമേരിക്ക. ആണവപദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്നും രണ്ടാംഘട്ട നികുതി ഏര്‍പ്പെടുത്തി ഇറാനുമേല്‍ ശക്തമായ ഉപരോധം തീര്‍ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്‍ബിസി ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാനെ ബോംബിട്ട് തകര്‍ക്കുമെന്നും ഇരട്ട തീരുവ ഏര്‍പ്പെടുത്തുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണമായിരിക്കും ഇറാന്‍ നേരിടേണ്ടിവരുകയെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച അമേരിക്കയുമായുളള നേരിട്ടുള്ള ചര്‍ച്ചകള്‍ നിരസിച്ചതിന് പിന്നാലെയാണ് ഇറാന് മുന്നറിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തു വന്നത്.

അതേസമയം, അമേരിക്കയുമായി നേരിട്ട് ചര്‍ച്ചക്കള്‍ക്ക് തയ്യാറല്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് അയച്ച കത്തിന് ഒമാന്‍ വഴിയാണ് ഇറാന്‍ മറുപടി നല്‍കിയിരുന്നത്. സൈനിക പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ ഇറാന്‍ തള്ളുകയും ചെയ്തു. എന്നാല്‍ നേരിട്ടല്ലാതെ അമേരിക്കയുമായി പരോക്ഷ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.’നമ്മള്‍ അനുരഞ്ജന സംഭാഷണങ്ങള്‍ ഒഴിവാക്കാറില്ലെന്നും അമേരിക്ക നടത്തിയ വാഗ്ദാന ലംഘനങ്ങളാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയതെന്നും വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണെന്ന് അവര്‍ തെളിയിക്കട്ടെയെന്നും ഇറാനിയന്‍ പ്രസിഡന്റ് പ്രതികരിച്ചു.

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തിലെത്തിയ 2015-ല്‍ നിലവില്‍ വന്ന കരാറില്‍ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ പരിധി നിശ്ചയിച്ചിരുന്നു. കൂടാതെ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ അമേരിക്കന്‍ ഭീഷണി തള്ളിക്കളഞ്ഞ ഇറാന്‍ തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയാണ് ചെയ്തത്.

അമേരിക്കയുടെ നിലപാട് വ്യക്തമാണെന്നും ആണവ പദ്ധതി വികസിപ്പിക്കാന്‍ ഇറാനെ അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് വാഷിംഗ്ടണ്‍ ഇറാന് മറുപടി നല്‍കിയത്. യുറേനിയം സമ്പുഷ്ടീകരണം വഴി ആണവായുധ നിര്‍മ്മാണമാണ് ഇറാന്‍ ലക്ഷ്യമിടുന്നതെന്നാണ് പടിഞ്ഞാറന്‍ ശക്തികളായ രാജ്യങ്ങളുടെ വാദം. എന്നാല്‍ പൊതുജനങ്ങളുടെ ഊര്‍ജ ആവശ്യങ്ങള്‍ക്കായാണ് ഇത് ചെയ്യുന്നതെന്നാണ് ഇറാന്റെ വിശദീകരണം. അതേസമയം പ്രതിരോധത്തിന്റെ ഭാഗമായി വ്യോമാക്രമണങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇറാന്‍ റെഡി-ടു-ലോഞ്ച് മോഡില്‍ സജ്ജീകരിച്ചിരിക്കുകയാണെന്ന് ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.