വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; ശക്തമായി എതിര്‍ക്കാന്‍ പ്രതിപക്ഷം

Share

ഡല്‍ഹി: ശക്തമായ പ്രതിഷേധം നിലനില്‍ക്കെ വഖഫ് നിയമ ഭേദഗതി ബില്‍ അല്‍പസമയത്തിനകം ലോക്‌സഭയില്‍ അവതരിപ്പിക്കും. ചോദ്യോത്തരവേള കഴിഞ്ഞാലുടന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ബില്‍ ലോക്‌സഭയില്‍ വയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബില്ലിന്‍മേല്‍ 8 മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി 8 മണിയോടെ വോട്ടിനിട്ട് പാസാക്കുന്ന ബില്‍ നാളെ രാജ്യസഭയുടെ പരിഗണനയില്‍ വരും. ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ചര്‍ച്ചയ്ക്കു മറുപടി നല്‍കും. 12 മണിക്കൂര്‍ ചര്‍ച്ച വേണമെന്ന് ഇന്നലെ ലോക്‌സഭയുടെ കാര്യോപദേശക സമിതി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമായില്ല. രാജ്യസഭയില്‍ നാളെയാകും വഖഫ് ചര്‍ച്ചയും വോട്ടെടുപ്പും നടക്കുക.

അതേസമയം ന്യൂനപക്ഷ വിരുദ്ധ ബില്ലെന്ന നിലയില്‍ ബില്ലിനെ ശക്തമായി എതിര്‍ക്കാനാണ് കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുടെ തീരുമാനം. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ധാരണയായിരുന്നു. ഇന്ത്യസഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, എസ്പി, ഡിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എംപിമാരുമായും രാഹുല്‍ഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തി. ഇതിനിടെ, മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതെ ലോക്‌സഭയിലെയും രാജ്യസഭയിലെയും വഖഫ് ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്ത് ഭേദഗതി ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്യാന്‍ സിപിഎം തീരുമാനിച്ചു.

എന്നാല്‍ ബില്ലിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് കെസിബിസി ഉള്‍പ്പെടെയുള്ള ചില മതസംഘടനകള്‍ എടുത്തിരിക്കുന്ന പരസ്യ നിലപാട്. കെസിബിസി, സിബിസിഐ അടക്കമുള്ള ക്രിസ്ത്യന്‍ സഭകളുടെ നിലപാടുകള്‍ കണക്കിലെടുത്ത് ബില്ലിനെ പൂര്‍ണമായി എതിര്‍ക്കുന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ എല്ലാ അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ ഹാളില്‍ നാളെ രാവിലെ നടക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും വഖഫ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ബില്‍ ഒരുവിഭാഗത്തിനും എതിരല്ലെന്നാണ് ബിജെപി-യുടെ വാദം.