ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം; മുന്നറിയിപ്പുമായി യു.എ.ഇ

Share

ദുബായ്: ഗതാഗത നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് യു.എ.ഇ. ഈദ് അവധിക്ക് പിന്നാലെ യുഎഇ-യിലെ റോഡുകളില്‍ ഗതാഗതം വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിയമം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 29-ന് പുതിയ ഗതാഗത നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഇനിമുതല്‍ രണ്ട് ലക്ഷം ദിര്‍ഹം ഏകദേശം 46,61,982 ഇന്ത്യന്‍ രൂപ വരെ പിഴ അടയ്ക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ ഫെഡറല്‍ ട്രാഫിക് നിയമങ്ങളിലെ പുതിയ മാറ്റങ്ങളെയും ശിക്ഷാ രീതികളെയും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇത്തരം ഭാരിച്ച പിഴകളിലൂടെ മാത്രം നിയമലംഘനങ്ങള്‍ പൂര്‍ണമായും പരിഹരിക്കാനാകില്ലെന്നാണ് റോഡ് സുരക്ഷാ വിദഗ്ദ്ധരുടെ അഭിപ്രായം. പിടിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണെന്നാണ് നിയമം ലംഘിച്ച് വാഹനം ഓടിക്കുന്ന പലരുടെയും ചിന്തയെന്നും ഇങ്ങനെ വിശ്വസിക്കുന്നവര്‍ റോഡിലൂടെ ശരിയായ രീതിയില്‍ വാഹനം ഓടിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. നിയമം കൊണ്ടുവരുന്നതിനൊപ്പം റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി കര്‍ശനമായി നേരിടാൻ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കണമെന്നും എങ്കില്‍ മാത്രമേ ജനങ്ങള്‍ സുരക്ഷിതമായി വാഹനമോടിക്കുകയുള്ളു എന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല കര്‍ശനമായ നിയമങ്ങള്‍ക്ക് പുറമേ കാല്‍നടയാത്രക്കാര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതും അത്യാവശ്യമാണ്. അധികാരികള്‍ മാത്രമല്ല, യുഎഇ-യിലെ വാണിജ്യ, പാര്‍പ്പിട മേഖലകളിലുള്ളവര്‍ ഇതിനായി സഹകരിക്കുകയും വേണം. നടക്കുന്നവര്‍ നിശ്ചിത സ്ഥലത്തല്ലാതെ റോഡ് മുറിച്ചുകടക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതും ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്നുള്ള അവബോധം ഉണ്ടാകണമെന്നും റോഡ് സേഫ്റ്റി യുഎഇ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡല്‍മാന്‍ വ്യക്തമാക്കി. വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിക്കരുതെന്നും ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ആധുനിക സുരക്ഷാ ക്യാമറകളും റഡാറുകളും കൂടുതല്‍ സജ്ജമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.