ദോഹ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഖത്തറില്‍ ഔദ്യോഗികമായി 9 ദിവസത്തെ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെയുള്ള 9 ദിവസമായിരിക്കും അവധി ലഭിക്കുക. അതേസമയം ഔദ്യോഗികമായി 9 ദിവസമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും ഈ ആഴ്ചയിലെ 28 വെള്ളി, 29 ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധിയായിരിക്കും ആകെ ലഭിക്കുക. രാജ്യത്തെ മന്ത്രാലയങ്ങള്‍, ഇതര സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് അമീരി ദിവാന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈയാഴ്ചയിലെ അവസാന പ്രവൃത്തി ദിനമായ നാളെ മാര്‍ച്ച് 27 വ്യാഴാഴ്ച കഴിഞ്ഞാല്‍ തുടര്‍ന്നുള്ള രണ്ട് ദിവസത്തെ വാരാന്ത്യ അവധിയും ഈദുല്‍ ഫിത്തര്‍ അവധിയും കഴിഞ്ഞ് 2025 ഏപ്രില്‍ 8 ചൊവ്വാഴ്ച മാത്രമേ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. എന്നാല്‍ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ സാധാരണ മൂന്ന് ദിവസത്തെ അവധിയാണ് ചെറിയ പെരുന്നാളിന് നല്‍കാറുള്ളത്.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോറിറ്റി നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ ഈദുല്‍ ഫിത്തര്‍ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിക്കും. അതിനിടെ ഖത്തറിലെ എല്ലാ പൊതു-സ്വകാര്യ സ്കൂള്‍, കിന്റര്ഗാര്ട്ടന് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഇന്നും നാളെയും (റമദാന് 26, 27) തീയതികളില്‍ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.