NEWS DESK: സ്വാമി നിത്യാനന്ദ എന്ന സ്വയം പ്രഖ്യാപിത ‘ആള്‍ദൈവം’ മരണപ്പെട്ടതായി അഭ്യൂഹം. ചില മുഖ്യധാര ദേശീയ മാധ്യമങ്ങളും തമിഴ് പ്രാദേശിക മാധ്യമങ്ങളുമാണ് നിത്യാനന്ദ മരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഒരു ആത്മീയ പ്രഭാഷണത്തിനിടെ നിത്യാനന്ദയുടെ അനന്തരവന്‍ ശ്രീനിത്യ സുന്ദരേശ്വരാനന്ദയാണ് വിവാദ ആള്‍ദൈവത്തിന്റെ മരണം പുറലോകത്തെ അറിയിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈന്ദവ ധര്‍മ്മം സംരക്ഷിക്കാന്‍ സ്വാമി തന്റെ ജീവന്‍ ബലിയര്‍പ്പിച്ചു എന്നായിരുന്നു ശ്രീ നിത്യ സുന്ദരേശ്വരാനന്ദയുടെ അറിയിപ്പില്‍ പറയുന്നത്. എന്നാല്‍ നിത്യാനന്ദ മരണപ്പെട്ടുവെന്നുള്ള വാര്‍ത്തകള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
എന്തായാലും മരണ വാര്‍ത്ത വലിയ ഞെട്ടലാണ് നിത്യാനന്ദയുടെ അനുയായികളില്‍ ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തിന് ഇനി ആരായിരിക്കും അവകാശി എന്ന തരത്തിലുള്ള ചര്‍ച്ചകളും മാധ്യമ ലോകത്ത് സജീവമാണ്. അതേസമയം മരണവാര്‍ത്ത ഏപ്രില്‍ ഫൂള്‍ എന്ന രീതിയില്‍ പങ്കുവച്ചതാണോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ പലരും ഉന്നയിക്കുന്നുണ്ട്. മുമ്പ് 2022-ലും നിരവധി മാധ്യമങ്ങള്‍ നിത്യാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ നല്‍കിയിരുന്നു.
സഹോദരിയുടെ മകനായ നിത്യ സുന്ദരേശ്വരാനന്ദ നിത്യാനന്ദയുടെ പിന്‍ഗാമിയാകുമോ അതോ നടിയും നിത്യാനന്ദയുടെ ശിഷ്യയുമായ നടി രഞ്ജിത സ്വത്തില്‍ അവകാശവാദവുമായി എത്തുമോ എന്ന ചോദ്യങ്ങളും ഇതിനോടകം ഉയരുന്നുണ്ട്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെ 2010-ല്‍ ഈ നടിക്കൊപ്പമുള്ള നിത്യാനന്ദയുടെ അശ്ലീല വിഡിയോ പുറത്തുവന്നതും ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.
തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ജനിച്ച് പിന്നീട് ആത്മീയതയിലൂടെ പടിപടിയായി പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു നിത്യാനന്ദയുടെ ജീവിതം. ഇന്ത്യയിലും വിദേശത്തുമായി നിരവധി ആശ്രമങ്ങളും അനുയായികളുമുള്ള നിത്യാനന്ദ താന്‍ പരമശിവനാണെന്നും തനിക്ക് ദിവ്യമായ കഴിവുകളുണ്ടെന്ന് അവകാശപ്പെടുകയും അതിലൂടെ വലിയ തോതില്‍ ജനങ്ങളെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.
തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങളെ തുടര്‍ന്ന് 2019-ലാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് നാടുവിട്ടത്. തുടര്‍ന്ന് മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വിലയ്ക്കുവാങ്ങി കൈലാസ എന്ന പേരില്‍ രാജ്യമായി പ്രഖ്യാപിക്കുകയും അവിടുത്തെ അധിപനായി ജീവിക്കുന്നു എന്നുമായിരുന്നു പിന്നീട് പുറത്തുവന്ന വാര്‍ത്തകള്‍. കൈലാസയ്ക്ക് സ്വന്തമായി പാസ്‌പോര്‍ട്ട് വരെയുണ്ടായിരുന്നു എന്നതായിരുന്നു വാര്‍ത്തകള്‍. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂര്‍ണ ഭരണമുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. കൈലാസത്തിനു സ്വന്തമായി പതാകയും സെന്‍ട്രല്‍ ബാങ്കും ‘കൈലാഷിയന്‍ ഡോളര്‍’ എന്ന പേരില്‍ കറന്‍സിയും ദേശീയ ചിഹ്നവും വെബ്‌സൈറ്റുമുണ്ടെന്നും നിത്യാനന്ദ അവകാശപ്പെടുന്നു. എന്നാല്‍ കൈലാസം ഒരു വ്യാജ രാജ്യമാണെന്നും തട്ടിപ്പാണെന്നുമായിരുന്നു പലരുടെയും ആക്ഷേപം. അതിനിടയിലാണ് നിത്യാനന്ദ മരണപ്പെട്ടുവെന്ന വാര്‍ത്ത പ്രചരിക്കുന്നത്. താന്‍ മരണപ്പെടുമ്പോള്‍ മൃതദേഹം ബെംഗളൂരുവിലെ ആശ്രമത്തില്‍ സംസ്‌ക്കരിക്കണമെന്നും എല്ലാ സമ്പത്തുക്കളും ഇന്ത്യയ്ക്ക് നല്‍കണമെന്നുമായിരുന്നു നിത്യാനന്ദ മുമ്പ് പറഞ്ഞിരുന്നത്. താന്‍ മരിച്ച ശേഷം തന്റെ സമ്പത്തും മൃതശരീരവും ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന് നിത്യാനന്ദ മുമ്പ് ആവശ്യം ഉന്നയിച്ചിരുന്നു.