തിരുവനന്തപുരം: കേരളത്തില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. മാത്രമല്ല ചൂട് കൂടുന്നതിനൊപ്പം അള്‍ട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചിക പ്രകാരം ഇടുക്കി ജില്ലയിലെ മൂന്നാറിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത.് ഇവിടെ അള്‍ട്രാ വയലറ്റ് സൂചിക ഒമ്പതാണ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് സൂചിക ആറ് മുതല്‍ ഏഴ് വരെ യെല്ലോ അലര്‍ട്ടും എട്ടു മുതല്‍ പത്ത് വരെ ഓറഞ്ച് അലര്‍ട്ടും 11-നു മുകളില്‍ റെഡ് അലര്‍ട്ടുമായിരിക്കും.
മൂന്നാറിനു പിന്നാലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും മലപ്പുറം ജില്ലയിലെ പൊന്നാനിയിലും കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലും സൂചിക 8 ആണ് രേഖപ്പെടുത്തിയത്. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, പത്തനംതിട്ട ജില്ലയിലെ കോന്നി (ഏഴ്), പാലക്കാട് ജില്ലയിലെ തൃത്താല (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്), തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ (അഞ്ച്), കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ (ആറ്), തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാല (ആറ്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ഗുരുതരമായ ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നും അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ അധികൃതര്‍ അറിയിച്ചു. പകല്‍ 10 മുതല്‍ മൂന്നു മണിവരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ഈ സമയം കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം.
തുറസായ സ്ഥലങ്ങളില്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ത്വക്ക്‌രോഗമുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.