ഡല്‍ഹി: സ്വയം പ്രതിരോധിക്കുന്നതിനിടയില്‍ യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 5 വര്‍ക്കാലമായി യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുകയാണ് മലയാളി നേഴ്‌സ് നിമിഷപ്രിയ. ഉന്നതതല നയതന്ത്ര ഇടപെടലുകളെല്ലാം നിഷ്ഫലമായപ്പോള്‍ ഒടുവില്‍ വധശിക്ഷ നടപ്പിലാക്കാന്‍ പോകുന്നു എന്ന വേദനിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വധശിക്ഷ നടപ്പിലാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചതായുള്ള നിമിഷപ്രിയയുടെ ശബ്ദസന്ദേശം ലഭിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപ്പാള്‍ അറിയിച്ചു. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷപ്രിയയുടെ ആഡിയോ സന്ദേശത്തില്‍ പറയുന്നതെന്ന് ജയന്‍ പറയുന്നു. എന്നാല്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയമോ ഇന്ത്യന്‍ എംബസി അധികൃതരോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
നേരത്തെ നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ച ഫലം കണ്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്. ഹൂതി നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണ് നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത. രാജ്യത്തിന്റെ കൂടുതല്‍ മേഖലയും ഹൂതികളുടെ നിയന്ത്രണത്തിലായതു കൊണ്ടാണ് ചര്‍ച്ചകള്‍ക്ക് ഇന്ത്യ ഇറാന്റെ സഹായം തേടിയത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ അമ്മ നിലവില്‍ യമനില്‍ തങ്ങുകയാണ്. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നുള്ള നടപടികള്‍ക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിലുള്ള ചര്‍ച്ച തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
2017-ല്‍ യമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയ്ക്ക് 2020-ലാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. രക്ഷിക്കാനുള്ള ആകെയുള്ള മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുക മാത്രമാണ്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിച്ചിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്ര തലവന്മാരുമായും അമ്മ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഈ ചര്‍ച്ചകള്‍ ചില പ്രത്യേക സാഹചര്യത്തില്‍ വഴിമുട്ടി. നിമിഷപ്രിയ നല്‍കിയ എല്ലാ അപ്പീലുകളും കോടതി തള്ളുകയും ചെയ്തു. തുടര്‍ന്ന് ബ്ലഡ് ണിയുടെ രണ്ടാംഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ പ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്നതായിരുന്നു യമന്‍ സ്വദേശി തലാല്‍ അബ്ദു മഹ്ദി. തടര്‍ന്ന് സൗഹൃദത്തിലായ തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതായി നിമിഷപ്രിയ പരാതിപ്പെട്ടു. ശാരീരിക പീഡനം തുടര്‍ന്ന സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയ കോടതിയില്‍ വാദിച്ചത്.