നിലമ്പൂര്‍ ആര് നേടും? സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍

Share

മലപ്പുറം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടുമൊരു നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പി.വി അന്‍വര്‍ പ്രതിനിധാനം ചെയ്തിരുന്ന നിലമ്പൂരാണ് ഇക്കുറി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. എല്‍.ഡി.എഫ് പ്രതിനിധിയായിരുന്ന പി.വി അന്‍വര്‍ മുന്നണി വിടുകയും കഴിഞ്ഞ ജനുവരി 13-ന് എം.എല്‍.എ സ്ഥാനം രാജിവച്ച് പുതിയ പാര്‍ട്ടിയില്‍ ചേരുകയും ചെയ്ത സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2025 ഏപ്രില്‍ ഒടുവിലോ മെയ് മാസം മധ്യത്തിലോ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി മുന്നോട്ടു പോകുന്നത്.

എന്തായാലും നിലമ്പൂരിലെ ജയം യുഡിഎഫിനും എല്‍ഡിഎഫിനും നിര്‍ണായകമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം നിലമ്പൂര്‍ അഭിമാന പോരാട്ടമാണ്. അതേസമയം നിലമ്പൂര്‍ തിരിച്ചുപിടിച്ച് രാഷ്ട്രീയ പക തീര്‍ക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നേടിയ മിന്നും ജയം നിലമ്പൂരിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. അന്‍വറിലൂടെ ജയം ആവര്‍ത്തിച്ചിരുന്ന സി.പി.എമ്മിന് ഇത്തവണ ജനസമ്മതനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ മാത്രമേ ജയം ആവര്‍ത്തിക്കാന്‍ കഴിയൂ എന്ന ഉത്തമ വിശ്വാസമുണ്ട്. യുഡിഎഫും എല്‍ഡിഎഫും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന നിലമ്പൂരിലെ രാഷ്ട്രീയ പോരാട്ടത്തില്‍ ഒരു ത്രികോണ മല്‍സരത്തിന്റെ സാധ്യത വര്‍ധിപ്പിക്കാന്‍ കഴിയുമോ എന്ന ചിന്തയിലാണ് എന്‍.ഡി.എ.

എന്തായാലും തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതുപോലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഉടന്‍തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം തന്നെ യു.ഡി.എഫിന്റെ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ജനഹിത സര്‍വേ നടത്തി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നുള്ള രണ്ട് പേരുകളാണ് യുഡിഎഫ് സജീവമായി പരിഗണിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്തിനായിരിക്കും കൂടുതല്‍ പരിഗണന ലഭിക്കുക. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാനായിരിക്കെ ഷൗക്കത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ജനപിന്തുണയാണ് ലഭിച്ചിരുന്നത്. 2016-ല്‍ അന്‍വറിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടുവെങ്കിലും വ്യത്യസ്തമായ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഷൗക്കത്തിനെ പരിഗണിച്ചാല്‍ ജയം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം. അതേസമയം കന്നി അങ്കം എന്ന നിലയില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെ പേരും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ഡിസിസി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ പൊതുവെ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് വി.എസ് ജോയ് കാഴ്ചവയ്ക്കുന്നതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള മുന്നൊരുക്കങ്ങള്‍ കാലേകൂട്ടി ആരംഭിച്ചതായും പിണറായിസത്തിനെതിരെ ജനങ്ങള്‍ വിധി എഴുതുമെന്നും നിലമ്പൂര്‍ തിരിച്ചു പിടിക്കുമെന്നും വി.എസ് ജോയ് പറഞ്ഞു. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും വലിയ പ്രതീക്ഷയാണ് യുഡിഎഫിനെും ആര്യാടന്‍ ഷൗക്കത്തും പ്രതികരിച്ചു

നിലമ്പൂര്‍ മണ്ഡലത്തില്‍ ഇടതുപക്ഷ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എ-യുമായ എം. സ്വരാജാണ്. കഴിഞ്ഞ കുറേ മാസങ്ങളായി നിലമ്പൂരില്‍ സജീവമായി രാഷ്ട്രീയ ഇടപെടല്‍ നടത്തുന്ന സ്വരാജിനായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൂടുതല്‍ പരിഗണന. കൂടാതെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി.ഷബീര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എം ഷൗക്കത്ത് എന്നിവരുടെ പേരുകളും സി.പി.എം പരിഗണിക്കുന്നുണ്ട്. ജയ പ്രതീക്ഷയില്ലെങ്കിലും മണ്ഡലത്തില്‍ വോട്ട് ഷെയര്‍ വര്‍ദ്ധിപ്പിച്ച് സജീവ സാന്നിധ്യമാകാനാണ് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ-യുടെ തീരുമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 8595 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ടി.കെ അശോക് കുമാറിന് ലഭിച്ചത്. 2021-ല്‍ 75.23 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ 2700 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.വി അന്‍വര്‍ വിജയിച്ചത്. അന്‍വര്‍ 81277 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിലെ വി.വി പ്രകാശ് 78527 വോട്ടുകള്‍ നേടി ഉഗ്രപോരാട്ടം കാഴ്ചവച്ചു.