തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വന്‍ കുതിപ്പ്. ഇന്ന് 160 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,880 രൂപയിലേക്കുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 8,360 രൂപയാണ്. ഇന്നലെ മാത്രം 840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ മൂന്ന് ശതമാനം ജി.എസ്.ടിയും സെസും ഹോള്‍മാര്‍ക്ക് നിരക്കും പണിക്കൂലിയുമടക്കം 72,500 രൂപയിലധികം നല്‍കേണ്ടി വരും. ആഭരണങ്ങളുടെ സ്വഭാവത്തിന് അനുസരിച്ച് മാറ്റം വരുത്തുമ്പോള്‍ പണിക്കൂലി നിരക്കിലും വ്യത്യാസമുണ്ടാകാം. ആഗോള വ്യാപരമേഖലയിലെ അനിശ്ചിതത്വങ്ങള്‍ കൂടുതല്‍ ശക്തമായാല്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്നാണ് വിലയിരുത്തല്‍. ഡോളറിന്റെ സ്ഥിരത സംബന്ധിച്ച ആശങ്കകളും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും പുതിയ റെക്കാഡ് ഉയരത്തിലെത്തി. സ്വര്‍ണവിലയിലെ വര്‍ദ്ധനയാണ് വെള്ളി ഉപയോഗം കൂടാൻ കാരണമാകുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 114.10 രൂപയാണ്. ഇന്നലെ 112 രൂപയായിരുന്നു. ഒരു കിലോ വെള്ളിയുടെ ഇന്നത്തെ വില 1,14,100 രൂപയാണ്.
സ്വര്‍ണവും വെള്ളിയും കുതിക്കുന്നു; ഇന്നത്തെ വ്യാപാരം ഏറ്റവും ഉയര്‍ന്ന നിരക്കില്‍
