ഡൽഹി: ഏവിയേഷൻ ഇന്ധനത്തിന്റെ വില വർധിപ്പിച്ച് എണ്ണക്കമ്ബനികള്‍. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിൻ്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318 രൂപ ആയി വർധിപ്പിച്ചു. ഒരു മാസത്തിന് ശേഷം വിമാന ഇന്ധന വില 2,941.5 രൂപ ഉയർത്തി. ദില്ലിയില്‍ എടിഎഫിന് കിലോലിറ്ററിന് 91,856.84 രൂപയും കൊല്‍ക്കത്തയില്‍ 94,551.63 രൂപയും മുംബൈയില്‍ 85,861.02 രൂപയും ചെന്നൈയില്‍ 95,231.49 രൂപയുമാണ് വില. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. ഇതോടെ വിമാന ടിക്കറ്റിന്റെ വില ഉയരും.
ടിക്കറ്റുകളുടെ വില നിശ്ചയിക്കുന്ന പ്രധാന ഘടകമാണ് ഇന്ധനച്ചെലവ്. ജീവനക്കാരുടെ ശമ്ബള, ആനുകൂല്യ ചെലവ് കഴിഞ്ഞാല്‍ ഫ്ലൈറ്റുകള്‍ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി വരുന്ന രണ്ടാമത്തെ വലിയ ചെലവാണ് ഇന്ധനം. അതുകൊണ്ടുതന്നെ ഇന്ധനത്തിന് വിലകൂടിയാല്‍ ടിക്കറ്റ് നിരക്ക് വർധിക്കും.
സർക്കാർ എണ്ണക്കമ്ബനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎല്‍), ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ (ഐഒസി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്‌പിസിഎല്‍) എന്നിവ എല്ലാ മാസവും ഒന്നാം തീയതി ജെറ്റ് ഇന്ധനത്തിൻ്റെയും പാചക വാതകത്തിൻ്റെയും വിലയില്‍ മാറ്റം വരുത്താറുണ്ട്. ഒക്‌ടോബർ ഒന്നിന് കിലോലിറ്ററിന് 5,883 രൂപയും സെപ്റ്റംബർ ഒന്നിന് 4,495.5 രൂപയും കുറച്ചതിന് ശേഷം നവംബർ ഒന്നിന് എണ്ണക്കമ്ബനികള്‍ എടിഎഫ് വില ഉയർത്തിയിരുന്നു.
ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ എല്‍പിജി നിരക്കുകള്‍ തുടർച്ചയായ അഞ്ചാം തവണയും വർധിപ്പിച്ചു. ഇപ്പോള്‍ 19 കിലോ സിലിണ്ടറിന് 16.5 രൂപയാണ് ഉയർത്തിയത്. വാണിജ്യ എല്‍പിജി നിരക്ക് കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല.
ഏവിയേഷൻ ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്ബനികള്‍
