കോംഗോയിൽഅജ്ഞാത രോഗം പടരുന്നു; ജനങ്ങൾ ആശങ്കയിൽ

Share

കോംഗോയിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടർന്ന് പിടിക്കുന്നു. പനിക്ക് സമാനമായ രീതിയിൽ പടരുന്ന ഈ രോഗം ബാധിച്ച് ഇതുവരെ 143 പേർ മരിച്ചതായി കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും 15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവരാണ്. 300 ലേറെ ആളുകൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രോഗബാധിതരായ ആളുകൾക്ക് കടുത്ത പനിയും കടുത്ത തലവേദനയും ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ ലക്ഷണങ്ങളുണ്ടെന്ന് ക്വാംഗോ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവർണർ റെമി സാകിയും പ്രവിശ്യാ ആരോഗ്യ മന്ത്രി അപ്പോളിനേർ യുംബയും പറഞ്ഞു.
രോഗം തിരിച്ചറിയുന്നതിനായി സാമ്പിളുകൾ ശേഖരിക്കാനും വിശകലനം നടത്താനും പാൻസി ഹെൽത്ത് സോണിലേക്ക് ഒരു മെഡിക്കൽ ടീമിനെ അയച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതിനാൽ സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് സിവിൽ സൊസൈറ്റി നേതാവ് സെഫോറിയൻ മൻസാൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.