മോസ്‌കോ: മില്യൻ, ബില്യൻ, ട്രില്യൻ എന്നെല്ലാം കേട്ടുപരിചയമില്ലാത്തവർ വിരളമായിരിക്കും. എന്നാൽ, ഡെസില്യൻ എന്നു കേട്ടിട്ടുണ്ടോ? ഗണിതശാസ്ത്രത്തിലെ വലിയൊരു എണ്ണൽസംഖ്യയാണത്. എണ്ണാൻ ഇത്തിരി കഷ്ടപ്പെടും. എന്നാൽ ഇന്ന് എണ്ണാൻ പോലുമാകാത്ത പിഴത്തുക കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ലോകം. റഷ്യയിൽനിന്നു വരുന്നൊരു കൗതുകവാർത്തയാണ് ഇതിന് പിന്നിൽ.
ഗൂഗിളിനെതിരെ റഷ്യ ചുമത്തിയതാണ് ഈ പിഴ. 20 ഡെസില്യൺ (രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ഡോളറാണ് പിഴ നൽകിയിരിക്കുന്നത്. ഗൂഗിളിൻ്റെ മാതൃ കമ്പനിയായ ആൽഫബെറ്റിൻ്റെ ഉടമസ്ഥതയിലുള്ള യുട്യൂബിനെതിരെയാണ് പിഴ ചുമത്തിയത്. എല്ലാ സാമ്പത്തിക അളവുകളെയും മറികടക്കുന്ന ഈ പിഴത്തുക, ആഗോള സമ്പദ്‌വ്യവസ്ഥയെ പലതവണ മറികടക്കുന്നുണ്ട്. യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ ഭരണകൂട പിന്തുണയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകൾ യുട്യൂബ് തടഞ്ഞതാണ് കാരണം. ദേശീയ പ്രക്ഷേപണ നിയമങ്ങൾ ഗൂഗിൾ ലംഘിച്ചുവെന്ന റഷ്യൻ കോടതി വിധിയെ തുടർന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസ കാലയളവിനുള്ളിൽ ഈ ചാനലുകൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഓരോ ദിവസവും പിഴ ഇരട്ടിയാക്കുമെന്നും വിധിയിലുണ്ട്.
2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള നാലാമത്തെ കമ്പനിയാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്. ഏകദേശം രണ്ട് ട്രില്യൻ ഡോളർ ആണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്തി. എന്നാൽ, ഭൂമുഖത്തെ മൊത്തം സ്വത്തും കൂട്ടിയാൽ പോലും ആ പിഴത്തുക അടച്ചുതീർക്കാനാകില്ലെന്നാണ് ‘ബിബിസി’ പറയുന്നത്. ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിന്റെ(ഐഎംഎഫ്) കണക്കു പ്രകാരം 110 ട്രില്യൻ ഡോളർ ആണ് നിലവിലെ മൊത്തം ആഗോള സമ്പത്ത്. ഇതിന്റെ എത്രയോ മടങ്ങ് വരും ഗൂഗിളിന് റഷ്യൻ കോടതി ചുമത്തിയ പിഴത്തുക.