അഫ്ഗാനിസ്ഥാനിലും ഭൂചലനം; മ്യാന്‍മറിലും തായ്ലൻഡിലും മരണസംഖ്യ ഉയരുന്നു; സഹായഹസ്തവുമായി ഇന്ത്യ

Share

കാബൂള്‍: മ്യാന്‍മര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ ഭൂചലനത്തിന് പിന്നാല അഫ്ഗാനിസ്ഥാനിലും ഭീതി പടര്‍ത്തി ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലര്‍ച്ചെ 5.16-നായിരുന്നു അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 180 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് പ്രാഥമിക റവിലയിരുത്തല്‍. എന്നാല്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം മ്യാന്‍മറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2000-ത്തിലധികം പേര്‍ ഗുരുതരമായി പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മ്യാന്‍മറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7-ഉം 6.4-ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാന്‍മറിലെ സാഗൈംഗില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയാണ്. ഭൂകമ്പം രാജ്യത്ത് കനത്ത നാശനാഷ്ടമാണ് ഉണ്ടാക്കിയത്. നിരവധി റോഡുകളും പാലങ്ങളും ബഹുനില കെട്ടിടങ്ങളും ആശുപത്രികളും തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. മ്യാന്‍മറിലെ നഗരമായ മാന്‍ഡലെ തകര്‍ന്നടിഞ്ഞതായാണ് വിവരം. പലയിടങ്ങളിലെയും ഗതാഗത-വാര്‍ത്താവിതരണ സംവിധാനങ്ങളെല്ലാം തകര്‍ന്നു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മ്യാന്‍മറിലെ ഭൂചലനത്തിനൊപ്പം തായ്ലന്‍ഡിലും ഭൂചലനം അനുഭവപ്പെട്ടു. തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ മാത്രം പത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങിയിരുന്നു. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും നേരത്തെ തായ്ലന്‍ഡ് അധികൃതര്‍ അറിയിച്ചിരുന്നു.

അതേസമയം ഭൂചലനമുണ്ടായ മ്യാന്‍മറിന് ഇന്ത്യയുടെ സഹായം. 15 ടണ്‍ അവശ്യവസ്തുക്കളുമായി ആദ്യവിമാനം പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് ആദ്യഘട്ടത്തില്‍ അയച്ചത്. ഭൂചലനത്തില്‍ ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സൗകര്യം ഒരുക്കിയതായും സേവനത്തിന് +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും എംബസി വ്യക്തമാക്കി.