രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തം; എമ്പുരാനില്‍ വീണ്ടും കത്തി വയ്ക്കുന്നു!

Share

NEWS DESK: റിലീസിന്റെ ആഘോഷം കെട്ടടങ്ങുന്നതിനു മുമ്പേ എമ്പുരാന്‍ സിനിമ വീണ്ടും സെന്‍സര്‍ ചെയ്‌തേക്കും. പൃഥ്വിരാജിന്റെ സംവിധാനത്തിലിറങ്ങിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധാരണയായെന്നാണ് ലഭിക്കുന്ന വിവരം. നിര്‍മാതാക്കളുടെ ആവശ്യപ്രകാരം പതിനേഴിലേറെ ഭാഗങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്നാണ് അറിയുന്നത്. വോളന്ററി മോഡിഫിക്കേഷന് തയ്യാറാണെന്ന് സമ്മതിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.

ചിത്രത്തിലെ ചില രംഗങ്ങളും പരാമര്‍ശങ്ങളും ഒഴിവാക്കുകയും വെട്ടി മാറ്റാന്‍ കഴിയാത്ത ചില ഭാഗങ്ങങ്ങിലെ സംഭാഷണങ്ങള്‍ നിശബ്ദമാക്കാനും ധാരണയായെന്നാണ് റിപ്പോര്‍ട്ട്. സംഘപരിവാരിനെ പ്രതിരോധത്തിലാക്കുന്ന ഗുജറാത്ത് കലാപ ദൃശ്യങ്ങളിലും അതുപോലെ സ്ത്രീകള്‍ക്കെതിരായ ചില ആക്രമണ ദൃശ്യങ്ങളിലുമാണ് കാതലായ മാറ്റം വരുത്തുന്നത്. കൂടാതെ വില്ലന്‍ കഥാപാത്രത്തിന്റെ ബജ്റംഗി എന്ന പേര് മാറ്റാനും ധാരണയായിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുമായി (NIA) ബന്ധപ്പെട്ട ഭാഗങ്ങളും മ്യൂട്ട് ചെയ്യും. തിങ്കളാഴ്ചയോടെ മാറ്റങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നീക്കം ആരംഭിച്ചുവെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മാത്രമല്ല
സെന്‍സര്‍ ബോര്‍ഡില്‍ പുതിയ ടീമായിരിക്കും മാറ്റം വരുത്തിയതിനുശേഷമുള്ള സിനിമ കാണുകയെന്നുമാണ് ലഭിക്കുന്ന വിവരം.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ഈ മാസം 27-നാണ് റിലീസ് ചെയ്തത്. എമ്പുരാന്‍ സിനിമയിലെ സംഘപരിവാര്‍ വിമര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സംഘപരിവാര്‍ സംഘടനകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. എമ്പുരാന്‍ സിനിമയിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നത്. 2022-ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതാണെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കളും ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന സിനിമയ്ക്ക് ഇടതുപക്ഷ, കോണ്‍ഗ്രസ് അനുഭാവികള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. എമ്പുരാനില്‍ രണ്ട് ഭാഗങ്ങള്‍ക്ക് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് കട്ട് നിര്‍ദേശിച്ചത് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്ന സംഘപരിവാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമ രംഗങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്നതായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആദ്യ നിര്‍ദേശം. ദേശീയപതാകയെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കാനായിരുന്നു മറ്റൊരു നിര്‍ദേശം.