തെന്നിന്ത്യന്‍ സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ഓർമകൾക്ക് ഇന്ന് നാലു വര്‍ഷം. തലമുറകളെ ത്രസിപ്പിച്ച ശബ്ദമാന്ത്രികന്‍റെ ഒാര്‍മകള്‍ അയവിറക്കുകയാണ് ഇന്ന് സംഗീതലോകം. അരനൂറ്റാണ്ട് കാലം സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ പാട്ടിന്‍റെ പാലാഴി തീര്‍ത്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം ഓർമായാകുമ്പോൾ മറക്കുന്നില്ല അദ്ദേഹത്തിന്റെ ഓരോ വരികളും. താളത്തിനൊപ്പം ഇണത്തെ മനസില്‍ ആവാഹിച്ച് അയാള്‍ പാടി തുടങ്ങിയപ്പോള്‍ ലോകത്തിന് മുന്നില്‍ എസ് പി ബി ഒരു അത്ഭുതമായി. സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത ഗായകന്‍ ആയിരുന്നു എസ് പി ബി.
ഒരു ദിവസം 17 പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത, 6 ദേശിയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ, ഏറ്റവും കുടുതല്‍ പാട്ട് പാടിയതിന്‍റെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ള ഗായകന്‍. ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന ആ മാന്ത്രികനില്‍ നിന്നും സംഗീതലോകത്തിന് ലഭിച്ചത് 11 ഭാഷകളിലായി 39,000 പാട്ടുകള്‍ ആണ്. 1969 -ല്‍ കയ്യില്‍ നിന്നും വഴുതിപ്പോയേക്കാവുന്ന ഒരവസരം, എം.ജി.ആറിന്റെ പ്രത്യേക താല്‍പര്യം കൊണ്ട് വീണു കിട്ടിയ ‘ആയിരം നിലവേ വാ’ എന്ന പാട്ട്, അടിമൈ പെണ്ണിനു’ വേണ്ടി തമിഴില്‍ പാടി തുടങ്ങിയ എസ്. പി. ബി. പിന്നീട് തമിഴകത്തിന്‍റെ പാടും നിലാ’യായി. പല ജനുസ്സുകളിലുള്ള പാട്ടുകള്‍. പ്രദേശവ്യത്യാസമില്ലാതെ മനസ്സുകളെ വശീകരിക്കുന്ന ആലാപനശൈലി. യുവതലമുറയുടെ ആവേശമായി ജീവിതയാത്ര. പ്രായത്തിന്റെ അതിര്‍ത്തികളെ ഭേദിച്ചു മുന്നോട്ടുപോയിരുന്ന ആ ശബ്ദം എന്നേക്കുമായി നിലച്ചുപോയപ്പോള്‍, ജനപ്രിയസംഗീതത്തിന്റെ ഒരു കാലഘട്ടം കൂടിയാണ് അവസാനിച്ചത്.
നടനെ മനസ്സില്‍ കണ്ട്, സന്ദര്‍ഭങ്ങളെ ഉള്‍ക്കൊണ്ട്, കവിതയെ അറിഞ്ഞ്, ഈണത്തിലെ ശ്രുതിക്കും താളത്തിനും മറ്റു കൃത്യതകള്‍ക്കും കോട്ടം തട്ടാതെ ഭാവനാപരമായി പാട്ടിനെ ആവിഷ്‌കരിക്കുന്ന വിധം സംഗീതലോകത്തിന് പരിചയപ്പെടുത്തിയ ഗായകനായിരുന്നു എസ് പി ബി. ‘കൊച്ചു കൊച്ചു കാര്യങ്ങള്‍ ആസ്വദിക്കുക’ എന്ന ജീവിതതത്വത്തില്‍ ഊന്നിയുള്ള ജീവിതം. പാടിയ പാട്ടുകളിലും, അഭിനയിച്ച മുഹൂര്‍ത്തങ്ങളിലും, സ്റ്റുഡിയോയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി നില്‍ക്കുമ്പോഴും അദ്ദേഹം ആ തത്വത്തെ മുറുക്കെ പിടിച്ചു. ജീവിതത്തിന്‍റെ ഒരോ മുഹൂര്‍ത്തങ്ങളെയും ആസ്വദിച്ചു. അദ്ദേഹത്തെ സ്മരിക്കുകയാണ് ഇന്ന് സംഗീത ലോകം.