ന്യൂഡല്‍ഹി: ഇറാൻ – ഇസ്രയേല്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി വിദേശ മന്ത്രാലയം. യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് വരുന്നത് വരെ ഇന്ത്യക്കാർ ഇറാൻ, ഇസ്രയേല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് വിദേശ മന്ത്രാലയം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇറാനിലോ ഇസ്രയേലിലോ താമസിക്കുന്ന എല്ലാവരും അവിടെയുള്ള ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടാനും രജിസ്റ്റർ ചെയ്യാനും മന്ത്രാലയം അഭ്യർത്ഥിച്ചു. അവർ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കാനും യാത്രകള്‍ പരിമിതപ്പെടുത്താനും നിർദ്ദേശമുണ്ട്.
സിറിയയിലെ ഇറാൻ കോണ്‍സുലേറ്റിന് നേരെ ഏപ്രില്‍ ഒന്നിനുണ്ടായ ആക്രമണത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പശ്ചിമേഷ്യയില്‍ അക്രമവും അസ്ഥിരതയും വർദ്ധിക്കുന്ന സാഹചര്യത്തിലും ആശങ്കയുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ നടപടികള്‍ ഒഴിവാക്കണമെന്നും ഇന്ത്യ അഭ്യർത്ഥിച്ചു.
അതേസമയം ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ ചർച്ചയായെന്നും വിഷയം പരിഹരിക്കാൻ നയതന്ത്ര ചർച്ചകളുടെ ആവശ്യകതയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. നിലവിൽ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് കന്പനി വ്യക്തമാക്കുന്നത്. കപ്പലിലെ ജീവനക്കാരായ മലയാളികളിൽ ചിലർ ഇന്നലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. മോചനം സംബന്ധിച്ച് ഇന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രതികരണമുണ്ടായേക്കും.