മസ്കറ്റ്: ഒമാനിൽ കനത്ത മഴയെ തുടർന്ന് മലയാളി ഉൾപ്പെടെ 12 പേർ മരിച്ചു. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദൻ ആണ് മരിച്ചത്. സൗത്ത് ഷർക്കിയിലെ ജോലി സ്ഥലത്തുവെച്ചു മതിലിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ.
ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് പ്രളയം അനുഭവപ്പെടുകയും, ഞായറാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ 12 പേർ മരിക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തു. മരിച്ചവരിൽ ഒൻത് പേർ വിദ്യാർഥികളാണ്. ബാക്കി മൂന്നുപേരിൽ ഒരാൾ പ്രവാസിയാണെന്ന് ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് സ്ഥിരീകരിച്ചു. ഒമാനിലെ സമദ് അൽ ഷാൻ പ്രദേശത്താണ് ദുരന്തമുണ്ടായത്. അതിനിടെ, അൽ മുദൈബി പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് കാണാതായ അഞ്ചുപേർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. താഴ്വരകൾ ഉൾപ്പെടെയുള്ള വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ഒമാനി പോലീസിന്റെ കര സേനയും വ്യോമസേനയും സജീവമായി രംഗത്തുണ്ടെന്നും അധികൃതർ അറിയിച്ചു.