അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി കൈകോര്‍ത്ത് കേരളം

Share

സൗദി അറേബ്യ: റിയാദില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി കൈകോര്‍ത്ത് കേരളം. മോചനത്തിനുള്ള ധനസമാഹരണം ലക്ഷ്യം കണ്ടു. ജനങ്ങളുടെ പിന്തുണയില്‍ 34 കോടി രൂപ സമാഹരിച്ചു. സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ഇതോടെ പൂർത്തിയായി. അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും.
അബ്ദുൾ ഹക്കീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാന ധനസമാഹരണം. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ഇത് പ്രകാരം 34,45,46,568 രൂപ ലഭിച്ചു. ബോബി ചെമ്മണ്ണൂ‍ര്‍ നൽകിയ ഒരു കോടി രൂപ കൂടെ അടക്കമാണ് ഈ തുകയിലേക്ക് എത്തിയതെന്ന് ധനസഹായ സമിതി ഭാരവാഹികൾ വ്യക്തമാക്കി.
18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുള്‍ റഹീം. 2006ലാണ് അന്ന് 26 വയസുകാരനായ അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടച്ചത്. ഡ്രൈവര്‍ വിസയിൽ സൗദിയിലെത്തിയ റഹീം തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തത്. ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.