ഫ്രാൻസ്: പാരിസിൽ മലയാളി വിദ്യാർഥികളടക്കം താമസിക്കുന്ന വാടക കെട്ടിടത്തിൽ തീപിടിത്തം. ഉത്തരേന്ത്യൻ വിദ്യാർഥികളിൽ ഒരാൾക്കു നിസ്സാര പരുക്കേറ്റു. മലയാളി വിദ്യാർഥികളടക്കം ബാക്കിയുള്ളവർ സുരക്ഷിതരാണ്. തീപിടുത്തത്തിൽ പാസ്പോർട്ട്, തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടതായി വിദ്യാർഥികൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിദ്യർത്ഥികൾ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.
ധരിച്ച വസ്ത്രങ്ങളും മൊബൈലും യാത്ര കാർഡും മാത്രമാണ് കൈയിലുള്ളത്. എംബസി ഒരുക്കിയ താമസസ്ഥലത്താണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. മാനേജ്മെന്റ്, എൻജിനീയറിങ് പഠനത്തിന് എത്തിയ 8 മലയാളികൾ ഉൾപ്പെടെ 27 വിദ്യാർഥികളാണു വീട്ടിൽ താമസിച്ചിരുന്നത്. പ്ലാസ്റ്റിക്ക് ഉപയോഗിച്ചു നിർമിച്ചിരുന്ന മുറികളിൽ തീപടർന്നശേഷമാണ് അറിഞ്ഞത്. റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്നാണ് വിദ്യാർഥികൾ പറയുന്നതെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പാരിസുകാരനായ വീട്ടുടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.