ഡല്‍ഹി: ഒരു കുടുംബമായാല്‍ ചട്ടിയും കലവും പോലെ തട്ടിയും മുട്ടിയും കഴിഞ്ഞുകൂടുന്നത് നാട്ടുനടപ്പാണ്. ചില സമയങ്ങളില്‍ ഈ തട്ടലും മുട്ടലും കൈയ്യാങ്കളിയില്‍ വരെ എത്താറുണ്ടെന്നതും സത്യമാണ്. ചിലപ്പോള്‍ പരസ്പരം ഏറ്റുമുട്ടാറുണ്ട്..ഒടുവില്‍ കുട്ടികളെപ്പോലും അനാഥമാക്കി ദമ്പതികള്‍ ബന്ധം തന്നെ ഉപേക്ഷിക്കാറുമുണ്ട്. കൊലപാതകങ്ങളിലേക്ക് പോലും ഇത്തരം കുടുബപ്രശ്‌നങ്ങള്‍ വഴിമാറാറുണ്ട് എന്നതിന്റെ എത്രയോ സംഭവങ്ങളാണ് ഓരോ ദിവസവും നമ്മള്‍ വാര്‍ത്തകളിലൂടെ അറിയുന്നത്. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ‘കോംപ്ലസ്‌പോര്’ കാരണം ഒരു വിമനയാത്ര മണിക്കൂറുകളോളം മുടങ്ങുന്നത് ലോകത്ത് തന്നെ ആദ്യ സംഭവമാണ്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും മണിക്കൂറുകളോളം വഴിയാധാരമാക്കി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഒരു ഭാര്യയും ഭര്‍ത്താവും.
ജര്‍മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തില്‍ നിന്ന് ബാങ്കോക്കിലേക്ക് പറക്കുകയായിരുന്ന ‘ലുഫ്താന്‍സ’ വിമാനത്തിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം മൂത്ത് അടിപിടിയിലേക്ക് കലാശിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ‘എല്‍എച്ച് 772’ എന്ന വിമാനത്തിന് ഡല്‍ഹി വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തേണ്ടി വന്നു. വിമാനയാത്രക്കിടെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പിന്നീട് അടിപിടിയായി മാറിയെന്നുമാണ് യാത്രക്കാരും വിമാന ജീവനക്കാരും പറയുന്നത്. അധികൃതര്‍ ഇടപെട്ട് വെളിച്ചപ്പാടായി നില്‍ക്കുന്ന ഇരുവരേയും അനുനയിപ്പിക്കാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും വിജയിക്കാതെ വന്നതോടെയാണ് പൈലറ്റ് അടിയന്തരമായും അവസരോചിതമായും തൊട്ടടുത്തുള്ള വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
ഈ ‘മാതൃകാ ദമ്പതികള്‍’ തമ്മിലുള്ള പ്രശ്നത്തിന് കാരണമെന്താണെന്ന് അറിയില്ലെന്നും എന്നാല്‍ പ്രശ്നം രൂക്ഷമാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ ഇറക്കാന്‍ തീരുമാനിച്ചതെന്നും ജീവനക്കാര്‍ പറഞ്ഞു. പ്രശ്‌നത്തിന്റെ ഗൗരവം അവതരിപ്പിച്ചപ്പോൾ ലാന്‍ഡിംഗ് നടത്താന്‍ ഡല്‍ഹി എയര്‍പോര്‍ട്ട് ഏവിയേഷന്‍ സെക്യൂരിറ്റി വിഭാഗം അനുമതി നല്‍കിയതായി പൈലറ്റ് അറിയിച്ചു. തൊട്ടടുത്തുള്ള വിമാനത്താവളം പാകിസ്താന്‍ ആയതിനാല്‍ അവിടെ ലാന്റ് ചെയ്യാനാണ് ആദ്യം ശ്രമിച്ചതെങ്കിലും അവര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ ഇറക്കാന്‍ അനുമതി തേടിയത്. ഏറ്റുമുട്ടിയത് രണ്ട് പേര്‍ തമ്മിലാണെങ്കിലും ഒടുവില്‍ ഭര്‍ത്താവിനെ മാത്രം അധികൃതര്‍ കസ്റ്റഡിയിലെടുത്തെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരുടെയും യാത്ര മുടങ്ങിയെന്ന് മാത്രമല്ല വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ മണിക്കൂറുകളോളം വിലപ്പെട്ട സമയവും പാഴായത് മിച്ചം.