ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം കാണാമറയത്ത്; കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപാകാന്‍ ശ്രമം

Share

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആരെയും പിടികൂടാന്‍ ഇതുവരെയും പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം ഊര്‍ജിതമായി നടക്കുമ്പോഴും തട്ടിപ്പ്‌സംഘവുമായി ബന്ധപ്പെട്ട് ദുരൂഹതതയേറുന്ന കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുകയാണ്. ഓയൂരില്‍ ആറുവയസുകാരി അബിഗേലിനെ കൂടാതെ വേറെയും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംഘം നീക്കം നടത്തിയിരുന്നതായുള്ള സിസി ടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പുറത്തുവന്നു. പള്ളിക്കലില്‍ മൂതല പ്രദേശത്ത് മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമുണ്ടായതിന്റെ ചിത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. ആയുര്‍വേദ ആശുപത്രിക്ക് സമീപത്തെ റോഡിലായിരുന്നു ആദ്യ ശ്രമം.

വിജനമായ റോഡിന്റെ വലതുവശത്ത് വെള്ള മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ കാത്തുനില്‍ക്കുന്നതും മറുവശത്ത് ഒരു പെന്‍കുട്ടി നില്‍ക്കുന്നതും ചിത്രത്തില്‍ വ്യക്തമാണ്. എന്നാല്‍ നാട്ടുകാരെത്തിയപ്പോള്‍ ശ്രമം ഉപേക്ഷിച്ച് അവിടെനിന്നും സുരക്ഷിതമായി സംഘം മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. വ്യാജ നമ്പര്‍ വച്ച സ്വിഫ്റ്റ് കാര്‍ ഓയൂര്‍ ഭാഗത്തേയ്ക്കാണ് പോയതെന്ന് പിന്നീട് നാട്ടുകാര്‍ പറഞ്ഞു. നാലുമണിക്ക് ശേഷമാണ് ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. അതിനിടെ താന്നിവിളയില്‍ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായും പരാതി ഉണ്ടായിരുന്നു.

അതേസമയം, അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചന്ദനത്തോപ്പ് കുഴിയം സ്വദേശി കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടയുമായ യുവാവിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാളുടെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോണ്‍ വിളിയില്‍ ബോസിന്റെ നിര്‍ദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഇയാളാണ് ആ ബോസെന്നാണ് പൊലീസ് നിഗമനം. നിരവധി മോഷണക്കേസുകള്‍ക്ക് പുറമേ ക്വട്ടേഷന്‍ ആക്രമണം, പിടിച്ചുപറി അടക്കമുള്ള കേസുകളിലും പ്രതിയാണ് ഇയാള്‍.

കൊല്ലം വെസ്റ്റ് സ്റ്റേഷനില്‍ മാത്രം ഇയാളുടെ പേരില്‍ അഞ്ച് മോഷണക്കേസുകളുണ്ട്. രാമന്‍കുളങ്ങരയ്ക്ക് അടുത്തുള്ള മൂലങ്കരയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ചന്ദനത്തോപ്പിലേക്ക് താമസം മാറ്റുകയായിരുന്നു. മോഷണക്കേസില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി അധികം കാണാറില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇയാളുടെ ജ്യേഷ്ഠ സഹോദരന്‍ കൊലക്കേസില്‍ ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്.