ദുബായ്: യു.എ.ഇ-യിലെ സ്വകാര്യമേഖലയില്‍ എമിറാത്തികളുടെ എണ്ണം രണ്ടു ശതമാനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കാബിനറ്റ് പ്രമേയത്തിനു മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അനുമതി നല്‍കിയതിന് പിന്നാലെ തിരക്കിട്ട പരിശോധനകളാണ് രാജ്യത്ത് നടക്കുന്നത്. അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യമേഖലാ സ്ഥാപനങ്ങളില്‍ സ്വദേശികളെ വിദഗ്ധ ജോലികളില്‍ നിയമിക്കുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. എന്നാല്‍ 2022 പകുതി മുതല്‍ ഇതുവരെ എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് 894 സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്തിയതായി മന്ത്രാലയം വ്യക്തമാക്കി. വ്യാജ തസ്തിക സൃഷ്ടിച്ച് 1,267 എമിറാത്തികളെ നിയമിച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും മന്ത്രാലയം അറിയിച്ചു.
എന്നാല്‍ രാജ്യത്തെ 95 ശതമാനത്തോളം സ്വകാര്യ കമ്പനികളും എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി. നിയമലംഘനം നടത്തിയ കമ്പനികള്‍ക്ക് 20,000 ദിര്‍ഹം മുതല്‍ 100,000 ദിര്‍ഹം വരെ പിഴ ചുമത്തിയതായ് മന്ത്രാലയം വിശദമാക്കി. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ചില സ്ഥാപനങ്ങളെ നിയമ നടപടിക്ക് വിധേയമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. വ്യാജ എമിറേറ്റൈസേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട എമിറാത്തികളുടെ നാഫിസ് ആനുകൂല്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും അവര്‍ക്ക് മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും രണ്ടു ശതമാനം വീതമാണു സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടത്. ഇത്തരത്തില്‍ 2026-ഓടെ സ്വദേശിവല്‍ക്കരണം 10 ശതമാനമായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. വര്‍ഷത്തില്‍ 12,000 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നിലവില്‍ 50 തൊഴിലാളികള്‍ക്ക് ഒരാള്‍ എന്ന നിലയിലാണു സ്വദേശി നിയമനം നടത്തത്തേണ്ടത്. ഒരു തൊഴിലാളിയെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ മാസത്തില്‍ 6000 ദിര്‍ഹം വീതം വര്‍ഷം 72,000 ദിര്‍ഹം പിഴ അടയ്ക്കണം. ഈ തുക സ്വദേശികള്‍ക്ക് നല്‍കും. ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴത്തുക വര്‍ധിക്കുകയും ചെയ്യും. നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് വന്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നിരട്ടിയോളം സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് 3750 ദിര്‍ഹത്തില്‍ നിന്ന് 250 ആയി കുറച്ചതായും മന്ത്രാലയം വ്യക്തമാക്കി.
2023 അവസാനത്തോടെ സ്വദേശിവല്‍ക്കരണം നാല് ശതമാനത്തിലെത്തിക്കാനാണ് പദ്ധതി. വ്യാപകമായുള്ള പരിശോധന തുടരുമെന്നും സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴയടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. നിയമം പാലിക്കാത്തതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. എമിറേറ്റൈസേഷന്‍ ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാം. 600 59 0000 എന്ന കോള്‍ സെന്റര്‍ വഴിയോ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ റിപ്പോര്‍ട്ട് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു.