ബില്ലുകള്‍ രാഷ്ടപതിക്ക് അയച്ചതില്‍ ഇടപൊനാകില്ല; കേരള ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

Share

ഡല്‍ഹി: കേരള നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് എന്തുകൊണ്ട് വൈകിപ്പിക്കുന്ന എന്ന് ചോദിച്ച കോടതി നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ രീതി ന്യായീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ജനാധ്യപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന അവകാശങ്ങളെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും ബില്ലുകള്‍ തീര്‍പ്പാക്കാതെ രണ്ട് വര്‍ഷം ഗവര്‍ണര്‍ എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ പ്രതീകാത്മക തലവന്‍ മാത്രമാണെന്ന് മുമ്പ് ഈ കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നതും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണ്ടേയെന്ന് കോടതി ചോദിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രിയും ബില്‍ അവതരിപ്പിച്ച മന്ത്രിയും വിശദാംശങ്ങളുമായി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഒപ്പിടാത്ത ബില്ലുകള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നതിന്റെ തലേദിവസം ഗവര്‍ണറുടെ നിലപാടില്‍ തത്കാലം ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കേരള സര്‍ക്കാര്‍ പാസാക്കിയ ഇത്തരം ഏഴ് ബില്ലുകളാണ് ദീര്‍ഘനാളുകള്‍ കൈവശം വച്ചതിന് ശേഷം രണ്ട് ദിവസം മുമ്പ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചത്. കേരള നിയമസഭ പാസാക്കിയ എട്ട് ബില്ലുകള്‍ തീര്‍പ്പാക്കാന്‍ ഗവര്‍ണറുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നു. ഇതില്‍ തീരുമാനമെടുക്കാതെ പിടിച്ചുവച്ചതിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.