ദുബായ്: യുഎഇ-യുടെ 52-ാമത് ദേശീയ ദിനം ഈ വരുന്ന ഡിസംബര്‍ 2-ന് സമുചിതമായി ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ കുറ്റകൃത്യങ്ങളില്‍ ദീര്‍ഘനാളായി ജയിലില്‍ കഴിയുന്ന തെരഞ്ഞെടുക്കപ്പെട്ട 1,018 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ തീരുമാനിച്ചു. യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് മോചനത്തിന് ഉത്തരവിട്ടത്. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ജീവിച്ച് സുസ്ഥിരമായ ഭാവിയെക്കുറിച്ച് ചിന്തിക്കാനും അതുവഴി സമൂഹത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യാനും ജീവിതത്തെ ഉപയോഗപ്പെടുത്തുക എന്ന ദീര്‍ഘ വീക്ഷണത്തോടെയാണ് യു.എ.ഇ തടവുകാർക്ക് മോചനം നല്‍കുന്നത്. ദേശീയ ദിനത്തിന് മുന്നോടിയായി അജ്മാനിലെ 143 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും ഉത്തരവിട്ടു.
യു.എ.ഇ പ്രസിഡന്റിന്റെ അനുകമ്പയുടെയും മാനുഷിക പരിഗണനയുടെയും ഭാഗമായാണ് കൊടും കുറ്റവാളികള്‍ അല്ലാത്ത തടവുകാരെ നല്ലനടപ്പിന്റെ ഭാഗമായി മോചിപ്പിക്കുന്നത്. ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകള്‍ ദൈവസമക്ഷം പൊറുക്കുന്നതിന്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തടവുകാരെ ശിക്ഷാകാലയളവിൽ അവർ പുലർത്തിവന്ന നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മോചിപ്പിക്കുന്നതെന്ന് യു.എ.ഇ-യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ (WAM) റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരടങ്ങുന്ന നൂറുകണക്കിന് തടവുകാരെ കഴിഞ്ഞ റംദാനോട് അനുബന്ധിച്ച് യു.എ.ഇ മോചിപ്പിച്ചിരുന്നു. ദേശീയ ദിനം, റംദാൻ, ബലിപെരുന്നാള്‍ അടക്കമുള്ള വിശേഷ വേളകളില്‍ ജീവകാരുണ്യത്തിന്റെ ഭാഗമായി ഇത്തരത്തില്‍ കൊടും കുറ്റവാളികളല്ലാത്ത ദീര്‍ഘനാള്‍ തടവുകാരായി ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നത് യു.എ.ഇ-യില്‍ സാധാരണയാണ്. ഇതിന്റെ ഭാഗമായി വിവിധ എമിറേറ്റുകളുടെ ഭരണാധികാരികളും നൂറുകണക്കിന് ജയിൽ അന്തേവാസികളുടെ മോചനത്തിന് ഉത്തരവിടാറുണ്ട്.