ഇന്ത്യ-കാനഡ തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു; കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള ഇ-വിസ പുനരാരംഭിച്ച് ഇന്ത്യ

Share

ഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള ഇ-വിസ സര്‍വീസ് പുനരാരംഭിച്ച് ഇന്ത്യ. 2023 സെപ്റ്റംബര്‍ 21-നായിരുന്നു കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള ഇ-വിസ സര്‍വീസ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചതായി ഇന്ത്യ അറിയിച്ചത്. കനേഡിയന്‍ പൗരത്വമുള്ള ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ അസ്വാരസ്യങ്ങൾ ഉടലെടുത്തത്. തുടര്‍ നടപടികളുടെ ഭാഗമായി വിസ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള സഹകരണം ഇന്ത്യ നിര്‍ത്തിവയ്ക്കുകയും ചെയ്തു. പുതിയ തീരുമാനപ്രകാരം ടൂറിസ്റ്റ് വിസ, ബിസിനസ്, മെഡിക്കല്‍ വിസ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും പുനരാരംഭിച്ചതായി ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

കനേഡിയന്‍ പൗരത്വമുള്ള ഖാലിസ്ഥാന്‍ ഗ്രൂപ്പ് നേതാവ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപണം ഉന്നയിച്ചിരുന്നു. കൊലപാതകത്തില്‍ പങ്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയെങ്കിലും കൂട്ടാക്കാന്‍ തയ്യാറാകാത്ത നിലപാടാണ് കാനഡ തുടക്കം മുതല്‍ കൈക്കൊണ്ടത്. ഇതിന് പ്രതികാരമായി കാനഡ ആദ്യം ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും പിന്നാലെ ആതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെങ്കില്‍ അതുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ തെളിവില്ലാത്ത ആരോപണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഇന്ത്യ എടുത്ത നിലപാട്.

നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഈ സംഭവത്തെ തുടര്‍ന്ന് സ്വന്തം രാജ്യത്ത് നിന്നുപോലും വലിയ വിമര്‍ശനമാണ് ട്രൂഡോയ്ക്ക് നേരേ ഉയര്‍ന്നത്. 2023 ജൂണിലാണ് ഗുരുദ്വാരയ്ക്ക് മുന്നില്‍ 45 കാരനായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. കാറില്‍ വിശ്രമിക്കുകയായിരുന്ന നിജ്ജാറിനെ ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു