ദുബായ്: യു.എ.ഇ എന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് രൂപീകൃതമായിട്ട് ഈ വരുന്ന ഡിസംബര്‍ 2-ന് 52 വര്‍ഷം പൂര്‍ത്തിയാകുന്നു. പിറവിയെ അനുസ്മരിച്ച് ദേശീയ ദിനമായി ആഘോഷിക്കുന്ന വേളയില്‍ ഡിസംബര്‍ 2, 3 തീയതികളില്‍ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 2 ശനിയാഴ്ചയാണ് ദേശീയ ദിനമെങ്കിലും അന്നേ ദിവസവും പിറ്റേദിവസം ഞായറാഴ്ചയും ശമ്പളത്തോടുകൂടിയ പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശമ്പള ആനുകൂല്യത്തോടെയുള്ള അവധി സര്‍ക്കാര്‍-സ്വകാര്യ മേഖലയ്ക്ക് ബാധകമായിരിക്കും.
1971-ലാണ് അബുദബി, ദുബായ്, ഷാര്‍ജ അടക്കമുള്ള ഏഴ് എമിറേറ്റുകള്‍ ഒരുകുടക്കീഴില്‍ അണിനിരന്ന് യു.എ.ഇ എന്ന ഒറ്റരാജ്യമായി രൂപീകൃതമായത്. ആ ഐക്യം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 2-ന് യുഎഇ ദേശീയ ദിനമായി ആചരിക്കുന്നത്. യുഎഇ യൂണിയന്‍ ദിനം എന്ന വിശേഷണത്തിലും ദേശീയ ദിനത്തെ അറിയപ്പെടുന്നുണ്ട്. വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം അന്നേദിവസം സംഘടിപ്പിക്കുന്നത്.