പൂജാ ബമ്പര്‍ ഭാഗ്യം കടാക്ഷിച്ചത് കാസര്‍ഗോഡ് ജില്ലയില്‍; 12 കോടി അടിച്ചത് JC213199 ടിക്കറ്റിന്

Share

തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഇത്തവണത്തെ 12 കോടിയുടെ പൂജ ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത് കാസര്‍കോട് വിറ്റ ടിക്കറ്റിന്. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജന്റ് വിറ്റ JC213199 എന്ന ടിക്കറ്റിനാണ് പന്ത്രണ്ട് കോടി അടിച്ചത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുള്ളതാണ് ഏജന്‍സി. ഒന്നാം സമ്മാനത്തിന് പുറമേ നാല് പേര്‍ക്ക് ഓരോ കോടിവീതമായി രണ്ടാം സമ്മാനം ലഭിക്കും. 10 ലക്ഷം രൂപ വീതം 10 പേര്‍ക്ക് മൂന്നാം സമ്മാനവും മൂന്ന് ലക്ഷം രൂപ നാലാം സമ്മാനമായും നല്‍കും. സമാശ്വാസ സമ്മാനമായി നാല് പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം ലഭിക്കും.

ഇക്കുറി JI, JB, JC, JD, JE എന്നീ അഞ്ച് സീരീസുകളിലാണ് ടിക്കറ്റുകള്‍ അച്ചടിച്ച് വിതരണം ചെയ്തത്. 300 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. മുപ്പത് ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയതായി സര്‍ക്കാര്‍ അറിയിച്ചു. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ അല്‍പം മുമ്പ് നടന്ന നറുക്കെടുപ്പിന്റെ സമ്പൂര്‍ണ ഫലം www.statelottery.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. നാളത്തെ മുഖ്യധാരാ പത്രങ്ങളിലും വിശദമായ ഫലം പ്രസിദ്ധീകരിക്കും.

അതേസമയം ലോട്ടറി വകുപ്പ് പ്രഖ്യാപിച്ച ക്രിസ്തുമസ് ബമ്പറിന്റെ സമ്മാനത്തുക 20 കോടി രൂപയായി ഉയര്‍ത്തി. മുന്‍ വര്‍ഷം 16 കോടിയായിരുന്ന ഒന്നാം സമ്മാനത്തുകയാണ് 20 കോടിയായി ഉയര്‍ത്തിയത്. ടിക്കറ്റ് വില 400 രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. ഏറ്റവും കൂടുതല്‍ വില്‍പ്പനയും സമ്മാനത്തുകയുമുള്ള ഭാഗ്യക്കുറിയാണ് ബമ്പര്‍ ലോട്ടറികള്‍. പൂജാ ബമ്പറിന് പുറമെ അഞ്ച് ബമ്പറുകളാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നത്.