ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടല്‍ അനിശ്ചിതമായി നീളുന്നു; റഫ അതിര്‍ത്തി തുറന്നതില്‍ പ്രത്യാശ

Share

ദുബായ്: ഏറ്റുമുട്ടലിന്റെ നീണ്ട 25 ദിവസങ്ങള്‍..വെടിവച്ചും റോക്കറ്റ് തൊടുത്തും മിസൈല്‍ വര്‍ഷിച്ചും ബോംബിംഗ് നടത്തിയും ഇസ്രായേല്‍ സൈന്യവും ഹമാസ് പോരാളികളും തമ്മിലുള്ള യുദ്ധം തുടരുമ്പോള്‍ കൊല്ലപ്പെടുന്ന നിരപരാധികളുടെ എണ്ണത്തില്‍ ആശങ്ക ഉയരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 8796 കടന്നു. ഇതില്‍ 3648 പേര്‍ കുട്ടികളാണെന്നത് ഏറെ ഞെട്ടിപ്പിക്കുന്നതും. ഇതിനിടെ കഴിഞ്ഞ ദിവസം ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഉണ്ടായ ആക്രമണത്തില്‍ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്ന ഏഴ് പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിക്കുന്നു. അതേസമയം ഒളിപ്പോര് തുടരുന്ന ഹമാസിന്റെ അവസാനം കണ്ടെത്തും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേലിന്റെ പ്രതികരണം.

ഇതിനിടെ സമ്പൂര്‍ണ ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി റഫ അതിര്‍ത്തി തുറന്നു. യുദ്ധം തുടങ്ങി 25-ാം ദിവസമാണ് ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടാകുന്നത്. യുദ്ധത്തില്‍ പരിക്കേറ്റ് ചികില്‍സ പോലും കിട്ടാതെ മൃതപ്രായരായി കഴിയുന്നവരെ ഗാസയില്‍ നിന്ന് റഫ അതിര്‍ത്തിലൂടെ ഈജിപ്തിലേക്ക് മാറ്റാനാണ് പദ്ധതി. യുദ്ധത്തില്‍ അകപ്പെട്ടുപോയ വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് റഫ അതിര്‍ത്തി വഴി ഈജിപ്തിലേക്ക് മാറ്റുന്നത്. പരിക്കറ്റവരില്‍ പ്രായമേറിയവരും കുട്ടികളും സ്ത്രീകളും അടങ്ങുന്ന 500 പേരെയാണ് ആദ്യഘട്ടത്തില്‍ ഈജിപ്തിലേക്ക് കൊണ്ടുപോകുന്നത്. ഇതില്‍തന്നെ വിദഗ്ധചികിത്സയും ശസ്ത്രക്രിയയും വേണ്ടവര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കും. ഇയ്രായേല്‍ ഉപരോധം കടുപ്പിച്ചതോടെ ഗസയില്‍ ഇന്ധം കിട്ടാക്കനിയാണ്. ഈ സാഹചര്യത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചികിത്സകള്‍ മുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് രോഗികളെ അടിയന്തിരമായി ഈജിപ്റ്റിലേക്ക് മാറ്റുന്നത്. തുറന്ന അതിര്‍ത്തി എപ്പോള്‍ അടയ്ക്കുമെന്നത് സംബന്ധിച്ച് രാജ്യങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.