റാസല്‍ഖൈമ-കോഴിക്കോട് എയര്‍ അറേബ്യ സര്‍വീസ്; ഈ മാസം 22 മുതല്‍ ആഴ്ചയില്‍ 3 ദിവസം

Share

ദുബായ്: ഷാര്‍ജയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ അറേബ്യ കേരളത്തിലെ മലബാര്‍ മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം കമ്പനി നടത്തിയ പുതിയ പ്രഖ്യാപനം അനുസരിച്ച് റാസല്‍ഖൈമ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്കാണ് എയര്‍ അറേബ്യ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം അതായത് 2023 നവംബര്‍ 22 മുതല്‍ ആഴ്ചയില്‍ 3 സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ അറേബ്യ അധികൃതര്‍ വ്യക്തമാക്കി. നവംബര്‍ 22-ന് സര്‍വീസുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വിസ് നടത്തുക.

ബുധന്‍, വെള്ളി ദിവസങ്ങളില്‍ യു.എ.ഇ സമയം ഉച്ച കഴിഞ്ഞ് 2.55-ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന G9 728 എയര്‍ അറേബ്യ വിമാനം ഇന്ത്യന്‍ സമയം രാത്രി 8.10-ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരും. ഇതേ ദിവസങ്ങളില്‍ തന്നെയുള്ള മടക്കയാത്രയില്‍ ഇന്ത്യന്‍ സമയം രാത്രി 8.50-ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന G9 729 വിമാനം യു.എ.ഇ സമയം രാത്രി 11.25-ന് റാസല്‍ഖൈമയിലെത്തും. അതേസമയം ഞായറാഴ്ചകളില്‍ സര്‍വീസ് സമയത്തില്‍ മാറ്റമുണ്ട്. യു.എ.ഇ സമയം രാവിലെ 10.55-നായിരിക്കും വിമാനം റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുക. ഈ വിമാനം ഇന്ത്യന്‍ സമയം വൈകീട്ട് 4.10-ന് കോഴിക്കോട് എത്തിച്ചേരും. മടക്കയാത്ര കോഴിക്കോട്ട് നിന്ന് വൈകീട്ട് 4.50-ന് പുറപ്പെട്ട് രാത്രി യു.എ.ഇ സമയം 7.25-ന് റാസല്‍ഖൈമയിലെത്തും.

എയര്‍ അറേബ്യയുടെ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ യാത്രാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും യുഎഇ-യും ഇന്ത്യയും തമ്മിലുള്ള വ്യാപാര-ടൂറിസം ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അതിന്റെ തെളിവാണ് റാസല്‍ഖൈമയില്‍ നിന്നുള്ള പുതിയ സര്‍വീസ് പ്രഖ്യാപനമെന്നും എയര്‍ അറേബ്യ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദേല്‍ അല്‍ അലി പറഞ്ഞു. 2014 മെയ് മാസം മുതലാണ് എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിച്ചത്. യു.എ.ഇ-യില്‍ നിന്ന് ഷാര്‍ജ, അബുദബി, റാസല്‍ഖൈമ എമിറേറ്റുകളില്‍ നിന്നാണ് നിലവില്‍ എയര്‍ അറേബ്യ സര്‍വീസ് നടത്തുന്നത്.