ജെറ്റ് എയര്‍വേയ്‌സിന് മുട്ടന്‍ പണി; 538 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Share

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജെറ്റ് എയര്‍വേയ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ 538 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍, ഭാര്യ അനിതാ ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുള്‍പ്പെടെ നിരവധി വ്യക്തികളുടെയും കമ്പനികളുടെയും ഉടമസ്ഥതയിലുള്ള 17 പാര്‍പ്പിട, വാണിജ്യ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. ഇന്ത്യയിലും ദുബായിലും ലണ്ടനിലുമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. നരേഷ് ഗോയലിന്റെ പേരിലുള്ളതിന് പുറമെ ജെറ്റ് എയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ കീഴിലുള്ള സ്വത്തുക്കളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. കാനറാ ബാങ്കിന്റെ പരാതിയില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ദിവസമാണ് അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. നരേഷ് ഗോയലിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെയാണ് ഇ.ഡി-യുടെ കുറ്റപത്രം. ഇ.ഡി അറസ്റ്റ് ചെയ്ത ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.