കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എറണാകുളം പി.എം.എല്‍.എ (Prevention of Money Laundering Act) കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് കരുവന്നൂര്‍ ബാങ്ക് കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇഡി കുറ്റപത്രത്തില്‍ പറയുന്നത്. രാഷ്ട്രീയ ഉന്നതരിലേക്ക് അന്വേഷണം വിരല്‍ ചൂണ്ടുന്ന തരത്തിലാണ് ഇഡിയുടെ കുറ്റപത്രം. പ്രതിപ്പട്ടികയില്‍ 50-തിലധികം പേരുള്ള കേസില്‍ 12,000 ലധികം പേജുകളുള്ള കുറ്റപത്രമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ കരുവന്നൂര്‍ ബാങ്കിലെ മുന്‍ കമ്മീഷന്‍ ഏജന്റ് എ.കെ ബിജോയ് ഒന്നാം പ്രതിയായ കേസില്‍ ആകെ ഉള്‍പ്പെട്ടത് 55 പ്രതികളാണെന്ന് ഇഡി കുറ്റപത്രത്തിലുണ്ട്. ഇതില്‍ വ്യക്തികള്‍ക്കു പുറമേ അഞ്ചെണ്ണം കമ്പനികളാണ്. റിമാന്റില്‍ കഴിയുന്ന പി. സതീഷ് കുമാര്‍ 13-ാം പ്രതിയും സി.പി.എം വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍ 14-ാം പ്രതിയുമാണ്.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. 2021 ജൂലൈയിലാണ് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിന്റെ അന്വേഷണം ഇഡി ഏറ്റെടുക്കുകയായിരുന്നു. സി.പി.എം നേതാവും നിലവില്‍ നിയമസഭാംഗവും മുന്‍ വ്യവസായ മന്ത്രിയുമായ എ.സി മൊയ്തീന്‍ അടക്കം നിരവധി പേരെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയിച്ചിരുന്നു. പലരും ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്ന സൂചന നല്‍കുന്നതാണ് ഇ.ഡിയുടെ ഒന്നാം കുറ്റപത്രം.