ഗാസ: ഇസ്രായേല്‍-ഹമാസ് പോരാട്ടം 20 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസയില്‍ മാത്രം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7028 കടന്നു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഗാസയിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു, 6747 പേരുടെ വിശദവിവരങ്ങളടങ്ങിയ രേഖയാണ് പ്രസിദ്ധീകരിച്ചത്. കൊല്ലപ്പെട്ടവരുടെ പേര്, പ്രായം, ലിംഗം, തിരിച്ചറിയല്‍ രേഖയിലെ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഹമാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുറത്തുവിട്ടത്. പട്ടികയില്‍ 2665 പേര്‍ കുട്ടികളാണ്. കൊല്ലപ്പെട്ടവരില്‍ 281 പേരെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.
ഇസ്രയേലിന്റെ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരും കാണാതായവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവരുടെ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല. ഗാസയിലെ പാലസ്തീനികളുടെ മരണനിരക്ക് വിശ്വസിക്കുന്നില്ലെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണത്തിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടത്.
ഗാസയിലെ മരണനിരക്ക് വിശ്വസിക്കുന്നില്ലെന്നും പാലസ്തീനികള്‍ സത്യമാണ് പറയുന്നതെന്ന് കരുതുന്നില്ലെന്നുമാണ് വൈറ്റ് ഹൗസില്‍ വച്ച് ബൈഡന്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. നിരപരാധികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ അത് ഹമാസ് യുദ്ധത്തിന് പോയതിന്റെ വിലയാണ്. തങ്ങള്‍ക്കെതിരെ യുദ്ധം നടത്തുന്നവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇസ്രയേല്‍ ബദ്ധശ്രദ്ധരാകേണ്ടതുണ്ട്. അങ്ങനെയല്ലെങ്കില്‍ അത് അവരുടെ തന്നെ താത്പര്യത്തിനെതിരാകും. അപ്പോഴും പാലസ്തീനികള്‍ പറയുന്ന കണക്കില്‍ എനിക്ക് വിശ്വാസമില്ല.