ഡല്‍ഹി: മൂന്ന് ആഴ്ചയായി തുടുരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര പൊതുസഭ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊതുസഭയില്‍ ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം ഭൂരിപക്ഷ അംഗീകാരത്തോടെ പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 14 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി. മേഖലയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ പ്രമേയം അപകീര്‍ത്തികരമെന്നായിരുന്നു ഇസ്രായേലിന്റെ പ്രതികരണം.
അതേസമയം, ഗാസയ്ക്ക് നേരേയുള്ള ഇസ്രയേലിന്റെ ആക്രമണവും ഉപരോധവും ശക്തമായി തുടരുകയാണ്. അതിര്‍ത്തിയോട് ചേര്‍ന്ന് മൂന്നിടങ്ങളിലായിട്ടാണ് ഗാസയെ വരിഞ്ഞുമുരുക്കി ഇസ്രായേലിന്റെ വ്യോമാക്രമണം. ഗാസയിലെ അല്‍ ഷിഫ, ഇന്തോനേഷ്യ ആശുപത്രികള്‍ക്ക് സമീപവും ബ്രീജിലെ അഭയാര്‍ത്ഥി ക്യാമ്പിന് സമീപവും ഇസ്രയേല്‍ സൈന്യം ബോംബുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കരമാര്‍ഗമുള്ള ആക്രമണം ഇന്നലെ രാത്രി മുതല്‍ തുടങ്ങുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയില്‍ ടാങ്കുകള്‍ ഉള്‍പ്പെടെ വിന്യസിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയിലെ വാര്‍ത്താവിനിമയ ബന്ധം പൂര്‍ണമായും തകര്‍ന്നതോടെ മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനം നിശ്ചലമായെന്ന് മൊബൈല്‍ സര്‍വീസ് കമ്പനികള്‍ അറിയിച്ചു. വാര്‍ത്താവിനിമയ ബന്ധം താറുമാറായതോടെ ആക്രമണത്തില്‍ പരിക്കേറ്റവരെ ഉള്‍പ്പെടെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.
ഇതിനിടെ ഏതാണ്ട് 200-നും 400-നും ഇടയിലുള്ള ആള്‍ക്കാരെ ഹമാസ് ബന്ദികളാക്കിയെന്നും ഇവരെ മോചിപ്പിക്കും വരെ യുദ്ധം തുടരുമെന്നുമാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അതിനായി ടാങ്കുകള്‍ ഉപയോഗിച്ചുള്ള കരയുദ്ധത്തിലാണ് ഇസ്രയേല്‍ നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍, സര്‍വവിധ ആയുധ സന്നാഹങ്ങളോടെ നീങ്ങുന്ന ഇസ്രയേലിനെ വെള്ളം കുടിപ്പിക്കുന്നത് ഗാസയിലെ തുരങ്ക ശൃംഖലകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ ഇസ്രയേലിന്റെ ചാരശൃംഖലയായ മൊസാദിന് പോലും ഹമാസിന്റെ ഈ രഹസ്യ ഭൂഗര്‍ഭ ശൃംഖലയെ കുറിച്ച് ധാരണയില്ലെന്നതാണ് വ്യക്തം. ഇസ്രയേല്‍ നടത്തുന്ന അതിശക്തമായ ബോംബാക്രമണത്തില്‍ ഗാസ നഗരം നിശേഷം തകര്‍ന്നടിഞ്ഞിട്ടും ഹമാസിനെ പോറലേല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇസ്രയേലിനെ ഇപ്പോഴും ആശങ്കപ്പെടുത്തുകയാണ്. യുദ്ധമുറയില്‍ ഇസ്രായേല്‍ നേരിടുന്ന വെല്ലുവിളിയും ഇതുതന്നെയാണ്.