ഡല്‍ഹി: ബഹിരാകാശത്ത് നിന്ന് മികച്ച ജിഗാബൈറ്റ്, ഫൈബര്‍ സമാനമായ സേവനങ്ങള്‍ നല്‍കുന്ന ഏക സംവിധാനമായ സാറ്റലൈറ്റ് സാങ്കേതിക വിദ്യയുമായി റിലയന്‍സ് ജിയോ. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2023-ലാണ് റിലയന്‍സ് ജിയോ ഇന്ത്യയിലെ ആദ്യത്തെ സാറ്റ്ലൈറ്റ് അധിഷ്ഠിത ജിഗാഫൈബര്‍ ഇന്റര്‍നെറ്റ് സേവനം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ജിയോ സ്പേയ്സ്ഫൈബര്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ പ്രദര്‍ശനം. രാജ്യത്ത് നേരത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാതിരുന്ന ഇടങ്ങളില്‍ക്കൂടി ഉയര്‍ന്ന വേഗതയില്‍ ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കുകയാണ് പുതിയ ജിയോ സ്പെയ്സ് ഫൈബര്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കുറഞ്ഞ നിരക്കില്‍ രാജ്യമെമ്പാടും ഉയര്‍ന്ന വേഗതയില്‍ ബ്രോഡ്ബാന്‍ഡ് സേവനം ഇതിലൂടെ ഉറപ്പുവരുത്തും. നിലവില്‍ ഈ സേവനം രാജ്യത്തെ നാല് ഇടങ്ങളിലാണ് നടപ്പാക്കിയിരിക്കുന്നത്. ഗുജറാത്തിലെ ഗിര്‍, ഛത്തീസ്ഗഡിലെ കോര്‍ബ, ഒഡിഷയിലെ നബരംഗപുര്‍, ആസാമിലെ ഒഎന്‍ജിസി-ജോര്‍ഹട് എന്നിവടങ്ങളിലാണ് ജിയോ സ്പെയ്സ്ഫൈബര്‍ സേവനം ലഭിക്കുന്നത്.
”ഇന്ത്യയിലെ ലക്ഷ്യക്കണക്കിന് വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആദ്യമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം എത്തിക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞു. ഇതുവരെയും ഇന്റര്‍നെറ്റ് സേവനം ലഭിക്കാത്ത ലക്ഷക്കണക്കിന് ആളുകളെക്കൂടി ജിയോ സ്പെയ്സ് ഫൈബറിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ ജിയോ സ്പെയ്സ് ഫൈബര്‍ ഇന്റര്‍നെറ്റ് സേവനത്തിലൂടെ സര്‍ക്കാര്‍, ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സേവനങ്ങള്‍ എല്ലായിടത്തും എല്ലാവരിലും എത്തിക്കാനാകും ‘റിലയന്‍സ് ജിയോ ഇന്‍ഫോകോം’ ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു.
ഇതോടകം ജിയോ 45 കോടിയിലധികം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അതിവേഗ ബ്രോഡ്ബാന്‍ഡ് ഫിക്സഡ് ലൈന്‍, വയര്‍ലെസ് സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. ഇന്ത്യയിലെ ഒരോ ഭവനങ്ങളിലും ഡിജിറ്റല്‍ പങ്കാളിത്തം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രീമിയര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളായ ജിയോഫൈബര്‍, ജിയോഎയര്‍ഫൈബര്‍ എന്നിവയ്ക്കൊപ്പം ഇപ്പോള്‍ ജിയോ സ്പെയ്സ് ഫൈബര്‍ സേവനം കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ലോക്കേഷന്‍ പരിഗണിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും വിശ്വസനീയവും ഉയര്‍ന്ന വേഗതയുമുള്ള ഇന്റര്‍നെറ്റ്, വിനോദ സേവനങ്ങള്‍ ഇതോടെ ലഭ്യമാകും. രാജ്യത്തിന്റെ വിദൂര ഇടങ്ങളില്‍ പോലും ജിയോ ട്രൂ 5 ജിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഇത് സഹായിക്കും.