ദുബായ്: കഴിഞ്ഞ ദിവസം രാത്രിയില്‍ ദുബായ് നഗരത്തെ ഞെട്ടിവിറപ്പിച്ച് തിരക്കേറിയ റോഡിലൂടെ രാജ്യത്തെ ട്രാഫിക് നിയമങ്ങളെല്ലാം അവഗണിച്ച് വെള്ള നിറത്തില്‍ ഒരു ബൈക്ക് ചീറിപ്പായുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വേഗതയിലായിരുന്നു ആ ബൈക്കിന്റെ യാത്ര..നൂറോ – നൂറ്റി അമ്പതോ കിലോമീറ്ററാണ് വേഗതയെങ്കില്‍ നമുക്ക് തെറ്റി..ദുബായ് പോലീസിന്റെ അറിയിപ്പ് പ്രകാരം ഈ ബൈക്ക് സഞ്ചരിച്ചത് 280 കിലോമീറ്റര്‍ വേഗതയിലാണ്. ഉഗ്ര ശബ്ദത്തില്‍ മിന്നല്‍ വേഗത്തില്‍ പാഞ്ഞു പോകുന്ന ബൈക്കിനെ കണ്ട് പലരും ഒരു നിമിഷം അന്ധാളിച്ചു നിന്നു പോയി. പക്ഷേ ഈ ബൈക്ക് അഭ്യാസം നടത്തിയത് ദുബായിലാണെന്ന കാര്യം ഒരു നിമിഷം ഈ ചെറുപ്പക്കാരനും മറന്നു. ബൈക്കിനേക്കാള്‍ വേഗതയില്‍ ദുബായ് പോലീസിന്റെ ആധുനിക സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ നിമിഷ നേരം കൊണ്ട് ആ ബൈക്ക് സാഹസികന്‍ ദുബായ് പോലീസിന്റെ പിടിയിലായി. ഭീതി പരത്തിയ മോട്ടോര്‍ ബൈക്ക് തല്‍ക്ഷണം പിടിച്ചെടുക്കുകയും ദുബായ് പോലീസിന്റെ ‘സമ്മാനമായി’ 50,000 ദിര്‍ഹത്തിന്റെ പിഴയും ചുമത്തി. ഈ പിഴതുക അടച്ചാല്‍ മാത്രമേ ആ മോട്ടോര്‍ ബൈക്ക് ആ യുവാവിന് ഇനി സ്വപ്നം പോലും കാണാന്‍ കഴിയൂ…
ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തി തിരക്കേറിയ പൊതുനിരത്തിലൂടെ ചീറിപ്പാഞ്ഞ ബൈക്ക് റൈഡറുടെ വീഡിയോ ദുബായ് പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഈ വീഡിയോ കാണുമ്പോള്‍ തന്നെ പലരുടെയും നെഞ്ചൊന്ന് പിടയും..അപ്പോള്‍ നേരില്‍ കണ്ടവരുടെ അവസ്ഥ എന്തായിരിക്കും. യുവാവ് ബൈക്കില്‍ ഘടിപ്പിച്ച ക്യാമറയില്‍ നിന്നും ഹൈവേയിലൂടെ 280 കിലോമീറ്റര്‍ വേഗതയിലാണ് ബൈക്ക് സഞ്ചരിക്കുന്നതെന്ന് വ്യക്തമാണ്. വേഗത മാത്രമല്ല, ഇടയ്ക്കിടയ്ക്ക് മുന്‍ ഭാഗം ഉയര്‍ത്തി പിന്‍ചക്രത്തില്‍ മാത്രം റോഡിലൂടെ ബൈക്ക് നീങ്ങുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. റോഡ് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറയിപ്പാണ് ബൈക്ക് സ്റ്റണ്ട് വീഡിയോ പുറത്തുവിട്ടുകൊണ്ട് ദുബായ് വ്യക്തമാക്കിയിരിക്കുന്നത്.