പിന്നോട്ടില്ലാതെ ഇസ്രായേലും ഹമാസും; കരയുദ്ധത്തിന് തയ്യാറായി ഇരുപക്ഷവും

Share

ഡല്‍ഹി: ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളിലുമുള്ള വിദേശ പൗരന്‍മാരെ സുരക്ഷിതമാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പൗരന്മാര്‍ക്കായി 24 മണിക്കൂറും സേവനം ലഭ്യമാകുന്ന കണ്‍ട്രോള്‍ റൂം സജ്ജമായതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിലെ യുദ്ധാന്തരീക്ഷം നിരീക്ഷിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ഒപ്പം വിവരങ്ങളും സഹായങ്ങളും എത്തിക്കുന്നതിനുമാണ് കണ്‍ട്രോള്‍ റൂം തുറന്നത്. സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബന്ധപ്പെടേണ്ട ടോള്‍ ഫ്രീ നമ്പറും ലാന്റ് ലൈന്‍-മൊബൈല്‍ ഫോണ്‍ നമ്പറുകളും കൂടാതെ ഇ-മെയില്‍ ഐഡിയും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.

ഡല്‍ഹിയിലെ നമ്പറുകള്‍

ടോള്‍ ഫ്രീ നമ്പര്‍1800118797

ലാന്റ് ലൈന്‍ നമ്പറുകള്‍
1) +91-11 23012113

2) +91-11-23014104

3) +91-11-23017905

മൊബൈല്‍ നമ്പര്‍+91-9968 291988

ഇ-മെയില്‍: situationroom@mea.gov.in

ഇസ്രായേൽ ഇന്ത്യന്‍ എംബസിയിലും കണ്‍ട്രോള്‍ റൂം 

1) +972-35226748

2) +972-543278392

ഇ-മെയില്‍: cons1.telaviv@mea.gov.in

 ഫലസ്തീന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഹെല്‍പ് ലൈന്‍ ഡെസ്ക് 

+970-592916418വാട്സ്ആപ്പ് സൗകര്യവും ലഭ്യമാണ് 

ഇ-മെയില്‍: rep.ramallah@mea.gov.in

ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാം ദിവസവും വിട്ടുവീഴ്ചകളില്ലാതെ തുടരുമ്പോള്‍ കരയുദ്ധത്തിനുള്ള സര്‍വവിധ സന്നാഹവുമായി അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍ കരസേന. ഒരുപക്ഷേ കരയുദ്ധത്തിലേക്ക് കടക്കുമ്പോള്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് പോകുമെന്ന ആശങ്കയിലാണ് ലോകം. ഇരു രാജ്യങ്ങളിലുമായി ഇതിനോടകം സ്ത്രീകളും കുട്ടികളും വയോധികരുമടക്കം നൂറുകണക്കിന് പേരാണ് ബോംബാക്രമണത്തില്‍ മരിച്ചു വീണത്. എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിന്റെ കണക്കുകള്‍ പോലും വ്യക്തമല്ല. ചില പ്രദേശങ്ങളില്‍ ശവകൂമ്പാരങ്ങള്‍ കണ്ടെത്തി എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതും ഏറെ ആശങ്കപ്പെടുത്തുന്നതാണ്. കരയുദ്ധത്തിന് തുടക്കമിട്ടാല്‍ മനുഷ്യനെ പച്ചയോടെ കൊല്ലുന്ന മനുഷ്യക്കുരുതിയായി മാറുമെന്നതാണ് നിലവിലെ സാഹചര്യം. ഗാസയ്ക്ക് ചുറ്റം സൈനീക വിന്യാസം പൂര്‍ത്തിയാക്കിയതായി ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്. കരയുദ്ധത്തിലൂടെ ഹമാസിന്റെ സൈനിക ശേഷി പൂര്‍ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഉത്തരവാദിത്തം നടപ്പിലാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞെന്ന് സൈനിക വക്താക്കള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ ഗാസയില്‍ നിരോധിത ബോംബ് ഇസ്രയേല്‍ ഉപയോഗിച്ചെന്ന ആരോപണം ഉയരുന്നുണ്ട്. അല്‍ കരാമയില്‍ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇസ്രയേലിലും ഗാസയിലും യുദ്ധകുറ്റങ്ങള്‍ നടന്നതായി നേരത്തെ ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. അല്‍ കരമായില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഇതിനിടെ സിറിയയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനില്‍ ഇസ്രയേല്‍ ഷെല്ലിങ്ങില്‍ മൂന്ന് ലെബനന്‍ ഷിയാ ഗ്രൂപ്പ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയും വ്യക്തമാക്കി. യുദ്ധക്കെടുതിയില്‍ ഇതുവരെ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നതായാണ് അനൗദ്യാഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

അഞ്ചാം ദിവസവും ശമനമില്ലാതെ യുദ്ധം തുടരുമ്പോള്‍ അവിടുത്തെ മനുഷ്യ ജീവിതം അതിസങ്കീര്‍ണതയിലേക്ക് നീങ്ങുകയാണ്. ഗാസ മുനമ്പിലേക്കുള്ള വൈദ്യുതി, വെളളം, ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ എന്നിവയുടെ വിതരണം ഇസ്രയേല്‍ പൂര്‍ണമായും നിര്‍ത്തലാക്കിയതോടെ ആശുപത്രികളിലെ സാഹചര്യം ദാരുണമാണെന്ന് അവിടുത്തെ പ്രാദേശിക ഭരണകൂടം അറിയിച്ചു. ആശുപത്രികളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം ഒരു ദിവസത്തേക്ക് കൂടി മാത്രമാണ് അവശേഷിക്കുന്നത്. ഗാസയിലെ പൊതുജനങ്ങള്‍ക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ അനുവദിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യര്‍ഥിച്ചു. ഗാസയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മാനുഷിക ഇടനാഴി സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുമായും ഈജിപ്തുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.