ജയ്പൂര്‍: മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനിടെ രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് തീയതി വീണ്ടും നീട്ടിവച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുന:ക്രമീകരണം നടത്തി. രാജസ്ഥാനില്‍ നവംബര്‍ 23-ന് നടക്കേണ്ട വോട്ടെടുപ്പ് 25-ലേക്കാണ് മാറ്റിയത്. എന്നാല്‍ ഡിസംബര്‍ 5-ന് നിശ്ചയിച്ച വോട്ടെണ്ണല്‍ ദിനത്തിന് മാറ്റമുണ്ടാകില്ല. നവംബര്‍ 23-ന് ‘ദേവ് ഉഠാനി’ ഏകാദശി എന്ന വിശേഷപ്പെട്ട ദിവസം പരിഗണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റിയത്. അന്നേ ദിവസം സംസ്ഥാനത്ത് നിരവധി വിവാഹങ്ങളും ഒത്തുചേരലുകളും നടക്കുന്ന ദിവസമായതിനാല്‍ ജനങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള ബുദ്ധിമുട്ട് മുന്നില്‍കണ്ടാണ് തീയതി മാറ്റിയത്.
‘ദേവ് ഉഠാനി’ ദിവസം രാജസ്ഥാനില്‍ 50,000-ലധികം വിവാഹങ്ങള്‍ നടക്കുമെന്നാണ് കണക്ക്. വോട്ടര്‍മാര്‍ ഈ ദിവസം സമ്മതിദാനാവകാശം നിര്‍വഹിക്കാന്‍ സാദ്ധ്യത കുറവായതിനാല്‍ തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സാംസ്‌കാരിക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റി മറ്റൊരു ദിവസത്തേക്ക് നിശ്ചയിച്ചത്. ഒക്ടോബര്‍ 30 ആണ് നിലവില്‍ വിജ്ഞാപനം ഇറങ്ങുന്ന ദിവസം. നവംബര്‍ ആറ് വരെ നോമിനേഷന്‍ സമര്‍പ്പിക്കാൻ അവസരമുണ്ടാകും. നവംബര്‍ ഏഴിന് നോമിനേഷന്‍ പരിശോധിക്കുകയും ഒന്‍പതിനകം പിന്‍വലിക്കാനും അവസരമുണ്ട്. വോട്ടെടുപ്പ് നവംബര്‍ 25-ന് നടക്കും. നേരത്തെ പ്രഖ്യാപിച്ച തീയതി പ്രകാരം തന്നെ ഡിസംബര്‍ അഞ്ചിനായിരിക്കും വോട്ടെണ്ണല്‍. നിലവില്‍ 108 സീറ്റുകളുമായി കോണ്‍ഗ്രസ് പാർട്ടിയാണ് രാജസ്ഥാന്‍ ഭരിക്കുന്നത്.