തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ ഷെന്‍ഹുവ-15 പദ്ധതി പ്രദേശത്തേയ്ക്ക് അടുക്കുകയാണ്. തീരത്തിന് 12 കിലോമീറ്റര്‍ മാത്രം അകലെയാണ് കപ്പല്‍ ഇപ്പോഴുള്ളത്. തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യമായ ക്രെയിനുകളുമായാണ് കപ്പല്‍ വിഴിഞ്ഞത്തേയ്ക്ക് അടുക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ കപ്പല്‍ ഇന്ന് വൈകുന്നേരത്തോടെ ബെര്‍ത്തിന് സമീപത്തെത്തിക്കും. 2023 ഒക്ടോബര്‍ 15-നാണ് കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. അന്ന് മാത്രമാണ് ബെര്‍ത്തിന് അടുത്തേയ്ക്ക് പൂര്‍ണമായും കപ്പലെത്തിക്കുക. അതിന് മുമ്പ് 100 മീറ്റര്‍ അകലെ കപ്പല്‍ നിര്‍ത്തിയിടും. 2023 സെപ്റ്റംബര്‍ 24-ന് കപ്പല്‍ ഇന്ത്യന്‍ തീരത്ത് എത്തിയെങ്കിലും നേരേ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേയ്ക്ക് പോവുകയായിരുന്നു. മുന്ദ്രയില്‍ ക്രെയിന്‍ ഇറക്കിയ ശേഷമാണ് കപ്പല്‍ വിഴിഞ്ഞത്തേയ്ക്ക് പുറപ്പെട്ടത്.
കേരള ജനതയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. 2015-ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കേവലം 1000 ദിവസങ്ങള്‍ കൊണ്ട് ആദ്യഘട്ട കമ്മീഷനിംഗ് നടക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ നിര്‍മാണ സാമഗ്രികകളുടെ പ്രത്യേകിച്ചും പാറക്കല്ലുകളുടെ ക്ഷാമം, ഓഖി ദുരന്തം, കൊവിഡ് പോലെയുള്ള പ്രതിസന്ധികള്‍, രാഷ്ട്രീയ വിവാദങ്ങള്‍, പ്രാദേശിക പ്രതിഷേധങ്ങള്‍ ഇതെല്ലാം അവഗണിച്ചാണ് ഒടുവില്‍ അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനോടകം കണ്ടെയ്നര്‍ ബെര്‍ത്തിന്റെ നിര്‍മാണം 73 ശതമാനം പൂര്‍ത്തിയായി. യാര്‍ഡ് ബെര്‍ത്ത് നിര്‍മാണം 34 ശതമാനവും പുലിമുട്ട് നിര്‍മാണം 53 ശതമാനവും പൂര്‍ത്തീകരിച്ചു. ഡ്രെഡ്ജിംഗ് 65 ശതമാനവും തുറമുഖ പ്രവര്‍ത്തനത്തിന് വേണ്ട 39 ശതമാനം കെട്ടിടങ്ങളും സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ഒരേ സമയം രണ്ട് കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ക്ക് ഇവിടെ നങ്കൂരമിടാന്‍ കഴിയും.
ആയിരക്കണക്കിന് കണ്ടെയ്നറുകളുമായി ഇന്ത്യയിലേക്ക് എത്തുന്ന മദര്‍ ഷിപ്പുകള്‍ക്ക് ഇന്ത്യയില്‍ ഒരു തുറമുഖത്തും നങ്കൂരമിടാനുള്ള സംവിധാനമില്ല. കൊളംബോ, സലാല, സിംഗപ്പൂര്‍ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഈ കപ്പലുകള്‍ നങ്കൂരമിടുന്നതും കണ്ടെയിനറുകൾ ഇറക്കുന്നതും. അവിടെ നിന്നും ചെറിയ കപ്പലുകളിലും ഫീഡര്‍ കപ്പലുകളിലുമായി ചരക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കുന്നതാണ് നിലവിലെ രീതി. എന്നാൽ ഇതുവഴിയുണ്ടാകുന്നതാകട്ടെ ഭാരിച്ച സമയ നഷ്ടവും പണ നഷ്ടവുമാണ്. സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ മദര്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം എന്നതാണ് സവിശേഷത. കാരണം പ്രകൃതിദത്തമായി തന്നെ വിഴിഞ്ഞം തുറമുഖ പ്രദേശത്തെ കടലിന് 20 അടിയോളം ആഴമുണ്ട്. മാത്രമല്ല അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ ഉള്ളത് കേവലം 10 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണ്. ഇതും കൂറ്റൻ കപ്പലുകളെ ആകർഷിക്കാൻ കഴിയുന്നതാണ്. എന്തായാലും ലോകോത്തര നിലവാരത്തിലുള്ള മികച്ച ലോജിസ്റ്റിക്ക് സംവിധാനമാണ് വിഴിഞ്ഞം തുറമുഖത്തിലൂടെ ഇന്ത്യക്ക് കൈവന്നിരിക്കുന്നത്. മാത്രമല്ല ഇത് കേരളത്തിന്റെ സമ്പദ്ഘടനയിലും വലിയ മുതല്‍ക്കൂട്ടായി മാറും എന്നതാണ് ഏറെ ശ്രദ്ദേയം.