ഡല്‍ഹി: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കുടുങ്ങിയ പൗരന്‍മാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് ഇന്ത്യ. ഓപ്പറേഷന്‍ അജയ് എന്ന പേരിട്ടിരിക്കുന്ന രക്ഷാദൗത്യത്തിലെ ആദ്യ വിമാനം ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാത്രി പുറപ്പെടും. ഇന്ത്യയിലേക്ക് മടങ്ങാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ ഇസ്രായേല്‍ സ്ഥാപനങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ടെല്‍ അവീവില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിദേശകാര്യ മന്ത്രാലയം ചാര്‍ട്ടേഡ് വിമാനം അയയ്ക്കുമെന്നറിയിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മെയില്‍ ലഭിച്ചു. ഈ വിമാനം ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പ്രാദേശിക സമയം രാത്രി ഒമ്പതിന് പുറപ്പെടും. ഇന്ത്യന്‍ സമയം ഇസ്രയേലിനേക്കാള്‍ രണ്ടര മണിക്കൂര്‍ മുന്നിലാണ്.
230-ഓളം ഇന്ത്യക്കാര്‍ ഇന്ന് രാത്രി വിമാനം കയറുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ യാത്രാക്കൂലി നല്‍കേണ്ടതില്ലെന്നും അവരുടെ മടക്കയാത്രയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും എമ്പസി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച ഇ-മെയിലില്‍ അവരോട് ഒരു ഗൂഗിള്‍ ഫോം പൂരിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ ഫോം പൂരിപ്പിച്ച് നല്‍കി കഴിയുമ്പോള്‍ അവര്‍ക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും യാത്ര നിശ്ചയിക്കുന്നത്. 23 കിലോയില്‍ കൂടാത്ത ഒരു ചെക്ക്-ഇന്‍ ലഗേജും ഒരു ക്യാബിന്‍ ലഗേജും മാത്രമേ അനുവദിക്കൂ എന്ന് മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗാസ മേഖലയില്‍ പോരാട്ടം ശക്തമാകുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ഓപ്പറേഷന്‍ അജയ് ആരംഭിച്ചത്. ഇന്ത്യക്കാരുടെ മടക്കവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചകഴിഞ്ഞ് ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ഇസ്രയേലില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യാക്കെരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.