ദുബായ്: അതിസമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി. ഫോബ്സ് പുറത്തുവിട്ട കണക്ക് പ്രകാരം 59,000 കോടിയാണ് എം.എ യൂസഫലിയുടെ ആസ്തി. അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ യൂസഫലി ഇത്തവണ 27-ാം സ്ഥാനത്താണ്. മുന്‍വര്‍ഷം യൂസഫലി 35-ാം സ്ഥാനത്തായിരുന്നു. മലയാളികളുടെ ശതകോടീശ്വര പട്ടികയില്‍ 36,000 കോടിയുടെ ആസ്തിയുമായി ജോയ് ആലുക്കാസ് ആണ് രണ്ടാം സ്ഥാനത്ത്. മിഡില്‍ ഈസ്റ്റിലും കേരളത്തിലും ബിസിനസ് സംരംഭങ്ങളുള്ള ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലാണ് അതിസമ്പന്ന മലയാളികളില്‍ മൂന്നാം സ്ഥാനത്ത്. എം.എ യൂസഫലിയുടെ മകളുടെ ഭര്‍ത്താവാണ് ഡോ. ഷംഷീര്‍ വയലില്‍.
അതേസമയം, മുന്‍ വര്‍ഷങ്ങളില്‍ പട്ടികയിലിടം പിടിച്ച ബൈജു രവീന്ദ്രന്‍ ഇത്തവണ പട്ടികയില്‍ നിന്ന് പുറത്തായി. എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ മൂല്യത്തില്‍ വന്ന കുറവാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായായത്. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളാണ് എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒ-യുമായ ബൈജു രവീന്ദ്രന്‍ പട്ടികയില്‍ നിന്നും പുറത്താകാന്‍ കാരണം.ഇന്ത്യയിലാകെയുള്ള സമ്പന്നരുടെ പട്ടികയില്‍ 7.6 ലക്ഷം കോടിയുമായി മുകേഷ് അംബാനി ഒന്നാം സ്ഥാനത്തും 5.6 ലക്ഷം കോടിയുടെ ആസ്തിയുമായി ഗൗതം അദാനി രണ്ടാം സ്ഥാനത്തുമാണ്.