യുദ്ധക്കെടുതികൾ രൂക്ഷം; വിദേശ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്നു; ഗാസയില്‍ ഉപരോധം

Share

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ നിന്നും പോളണ്ടും ഹംഗറിയും പൗരന്മാരെ ഒഴിപ്പിക്കുന്നു. അതേസമയം ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ ഇതുവരെ തീരുമാനമായില്ല. ഇസ്രയേലിലെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ പിന്തുണ അനിവാര്യമാണെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നോര്‍ ഗിലോണ്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 പിന്നിട്ടിരുന്നു. രണ്ടായിരത്തിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 380 പേര്‍ക്കാണു ജീവന്‍ നഷ്ടമായത്.

തീവ്രവാദി നേതാക്കളുടെ വീടുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. സ്ത്രീകളും കുട്ടികളും വയോധികരും സൈനികരും അടക്കം നൂറിലേറെ പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലെത്തിച്ചിട്ടുണ്ട്. ഇവരെ ഉപയോഗിച്ച്, ആയിരക്കണക്കിനു പലസ്തീനിയന്‍ തടവുകാരെ വിട്ടയയ്ക്കാന്‍ ഹമാസ് വിലപേശുമെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യം യുദ്ധത്തിലാണെന്നും ശത്രുക്കള്‍ കനത്ത വില നൽകേണ്ടിവരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. എന്തും നേരിടാന്‍ തയാറാണെന്നായിരുന്നു ഹമാസ് നേതാക്കളുടെ പ്രതികരണം. ഹമാസ് ആക്രമണത്തില്‍ കുറഞ്ഞത് 44 ഇസ്രേലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം ഗാസയില്‍ ഇസ്രയേല്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചു. വൈദ്യുതി, ഭക്ഷണം, വെള്ളം തുടങ്ങി അവശ്യവസ്തുക്കള്‍ക്ക് ഉള്‍പ്പെടെയാണ് ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഞങ്ങള്‍ ഗാസയില്‍ പൂര്‍ണമായ ഉപരോധം ഏര്‍പ്പെടുത്തുകയാണെന്ന് യോവ് ഗാലന്റ് ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വൈദ്യുതിയില്ല, ഭക്ഷണമില്ല, വെള്ളമില്ല, ഗ്യാസില്ല എല്ലാം അടച്ചിരിക്കുന്നു. ഞങ്ങള്‍ മൃഗങ്ങളോട് യുദ്ധം ചെയ്യുന്നു, അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും യോവ് ഗാലന്റ് ഹീബ്രുവില്‍ പറഞ്ഞു. 23 ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലാണ് ഇസ്രയേലിന്റെ കടുത്ത നടപടി. 2007-ല്‍ ഗാസയില്‍ ഹമാസ് സ്വാധീനം ശക്തമാക്കിയതിന് ശേഷം ഇസ്രയേലും ഈജിപ്റ്റും പലതവണ ഗാസയില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഹമാസിന്റെ പുതിയ നടപടികളുടെ പശ്ചാത്തലത്തില്‍ ഉപരോധം കടുപ്പിക്കാനാണ് ഇസ്രായേല്‍ നീക്കം.

അതിനിടെ ഇസ്രായേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇറാന്‍ ഒ.ഐ.സി രാജ്യങ്ങളുടെ അടിയന്തരയോഗം വിളിച്ചു. ഹമാസിന്റെ ആക്രമണത്തിന് ഇറാന്റെ സഹായം ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് യോഗം. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഹമാസും ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുള്ളയും പങ്കെടുത്ത യോഗത്തിലാണ് ആക്രമണത്തിന് തീരുമാനമായതെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്‍ പ്രതികരിച്ചു. നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ സംഘര്‍ഷം ശമിപ്പിക്കാന്‍ ഇന്നലെ ചേർന്ന യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ആഹ്വാനം ചെയ്തിരുന്നു. സംഘര്‍ഷം തീര്‍ക്കാന്‍ സൗദി അറേബ്യ, ജോര്‍ദ്ദാന്‍ എന്നിവരുമായി ഈജിപ്റ്റ് ചര്‍ച്ചയാരംഭിച്ചു. ഇതിനിടെ ഇറാന്‍ പിന്തുണയുള്ള ലെബനീസ് തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ള ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നിട്ടുണ്ട്.