ഡല്‍ഹി: വരാന്‍ പോകുന്ന 5 സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലും തുടര്‍ന്നു വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജാതി സെന്‍സസ് സജീവ ചര്‍ച്ചയാക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാജ്യവ്യാപകമായി ജാതി സെന്‍സസുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. വിഷയത്തിന്‍ മേലുള്ള പ്രമേയം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടപ്പാക്കാനാണ് ആലോചന. തീരുമാനം പുരോഗമനപരമായ കാഴ്ചപ്പാടാണെന്നും ജാതി സെന്‍സസില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാണെങ്കിലും പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയ്ക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെന്നും രാഹുല്‍ ഗാന്ധി സമ്മതിച്ചു. രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെന്‍സസ് അനിവാര്യമാണ്. എന്നാല്‍ സെന്‍സസ് പ്രാവര്‍ത്തികമാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിവില്ല. കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരില്‍ മൂന്ന് പേരും ഒബിസി വിഭാഗത്തില്‍ നിന്നാണ്. എന്നാല്‍ 10 ബിജെപി മുഖ്യമന്ത്രിമാരില്‍ ഒരു മുഖ്യമന്ത്രി മാത്രമാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ളതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ജാതി സെന്‍സസില്‍ മൗനം പാലിക്കുന്ന കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രം കൂടിയാണ് കോണ്‍ഗ്രസ് നിലപാട്.