ദുബായ്: ഗ്ലോബല്‍ വില്ലേജിന്റെ 28-ാമത് സീസണ്‍ 2023 ഒക്ടോബര്‍ 18-ന് തുടക്കമാകും. ഇത്തവണ പ്രവേശന ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്ലോബല്‍ വില്ലേജ് ആപ്ലിക്കേഷന്‍ വഴിയോ വെബ്സൈറ്റ് വഴിയോ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് 10 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 22.50 ദിര്‍ഹം മുതല്‍ പ്രവേശന ടിക്കറ്റുകള്‍ ലഭിക്കും. ഇത്തവണ ഗ്ലോബല്‍ വില്ലേജ് പ്രവേശനത്തിനായി രണ്ടുതരം ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതായത് തിങ്ക്‌ളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കുന്നതിനായുള്ള ‘വാല്യൂ’ ടിക്കറ്റുകളും ഏത് ദിവസവും ഉപയോഗിക്കാന്‍ കഴിയുന്ന ‘എനി ഡേ’ ടിക്കറ്റുകളുമാണ് ലഭിക്കുക.
ഗ്ലോബല്‍ വില്ലേജിന്റെ 28-ാം സീസണില്‍ ലോകമെമ്പാടുമുള്ള 400 കലാകാരന്മാര്‍ പങ്കെടുക്കും. അതോടൊപ്പം 40,000 ഷോകളും ഒപ്പം വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. മെറി-ഗോ-റൗണ്ട്, ജഗ്ലര്‍മാര്‍, ഫയര്‍ ബ്രീത്തറുകള്‍, അക്രോബാറ്റുകള്‍ എന്നിവരടങ്ങുന്ന സര്‍ക്കസ് സംഘവും ജീവന്‍ തുടിക്കുന്ന കളിപ്പാട്ടങ്ങളുമായി ദ ടോയ് ഷോപ്പിന്റെ പ്രകടനവും ഇത്തവണത്തെ ഗ്ലോബല്‍ വില്ലേജില്‍ വിസ്മയ കാഴ്ചയൊരുക്കും. പുതിയ സൈബര്‍ സിറ്റിയില്‍ സ്റ്റണ്ട് ഷോയും സജ്ജീകരിച്ചിട്ടുണ്ട്. സീസണ്‍ 28 പവലിയന്‍ സ്റ്റേജുകളിലുടനീളമുള്ള സാംസ്‌കാരിക പ്രകടനങ്ങളും ഓരോ കോണിലും തത്സമയ തെരുവ് വിനോദവും പ്രദര്‍ശിപ്പിക്കുമെന്ന് ദുബായ് ഗ്ലോബല്‍ വില്ലേജ് സംഘാടക സമിതി അറിയിച്ചു.