ടെല്‍അവീവ്: മൂന്ന് ദിവസമായി തുടരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധം അതിരൂക്ഷതയിലേക്ക് കടന്നു. ആശങ്കപ്പെടുത്തുന്നവിധം മരണ സംഖ്യയും ഉയരുകയാണ്. ഏറ്റുമുട്ടലില്‍ ഇരു രാജ്യങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കടന്നു. 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഹമാസും, 2500 റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഇസ്രായേല്‍ സൈന്യവും അവകാശപ്പെടുന്നുണ്ട്. ഗാസയില്‍ 500-ലധികം ഹമാസ് തീവ്രവാദികളെ ഒറ്റ രാത്രികൊണ്ട് കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെടുമ്പോള്‍ ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഗാസാ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു കുടുംബത്തിലെ 20 പേരും കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
1500-ലധികം ഇസ്രയേലുകാര്‍ക്ക് പരിക്കേറ്റതായും സൈനിക കമാന്‍ഡര്‍ അടക്കം നിരവധി പേരെ ഹമാസ് ബന്ദികളാക്കി വച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്‌സിനും പരിക്കേറ്റു. ഹമാസ് ആക്രമണത്തില്‍ പത്ത് നേപ്പാള്‍ പൗരന്മാരും, ഇസ്രയേല്‍ സേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളടക്കം മൂന്ന് ബ്രിട്ടീഷ്‌കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ഫ്രഞ്ച് പൗരന്മാരും 12 തായ്‌ലന്‍ഡ് പൗരന്മാര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്. നാല് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അമേരിക്കയോ ഇസ്രയേലോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇസ്രയേലിനെ സഹായിക്കാന്‍ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. കൂടാതെ സൈനിക-സാമ്പത്തിക സഹായവും അമേരിക്ക ഇസ്രായേലിന് വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്.
റഷ്യ-യുക്രെയിന്‍ യുദ്ധത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ യുദ്ധമായിട്ടാണ് ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലിനെ ലോകം വിലയിരുത്തുന്നത്. 1973-ലെ യുദ്ധത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് വിവരം. ശക്തവും നീണ്ടുനില്‍ക്കുന്നതുമായ യുദ്ധമുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആതേസമയം, ഐസിസും അല്‍ഖ്വയ്ദയും പോലെയാണ് ഹമാസുമെന്ന് ഇസ്രയേല്‍ പ്രതിനിധി ഗിലാദ് എര്‍ദാന്‍ ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞു. അതിനിടെ പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സില്‍ രഹസ്യമായി യോഗം ചേരും.