ഡല്‍ഹി: കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിന്റെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. ഭാര്യ രാധികയും മകള്‍ ഭാഗ്യയും സുരേഷ്‌ഗോപിയും ചേര്‍ന്ന് മോദിക്ക് ആറന്മുളക്കണ്ണാടി സമ്മാനിക്കുന്നതാണ് ചിത്രത്തിലുള്ളത്. താമരയുടെ ആകൃതിയിലുള്ള കണ്ണാടിയാണ് സുരേഷ് ഗോപി സമ്മാനിച്ചത്. ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നല്‍കുന്നതിന്റെ ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ രാജ്യസഭാംഗം സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചത് ചര്‍ച്ചയായിരുന്നു. തൃശൂരില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചതിന് പിന്നാലെയാണ് മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. എന്നാല്‍, സുരേഷ് ഗോപി വ്യക്തിപരമായി താല്‍പര്യമെടുത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതാണെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായി സുരേഷ് ഗോപി നടത്തുന്ന ചര്‍ച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ പദയാത്ര കേരളത്തിലെ ബിജെപിക്ക് ഉണര്‍വേകി എന്നാണ് വിലയിരുത്തല്‍. കേന്ദ്ര നേതാക്കളില്‍ പലരുടെയും ശ്രദ്ധ തൃശൂരിലെ പദയാത്രയ്ക്ക് ലഭിച്ചിരുന്നു.
പദയാത്ര എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ ഭയം കോരിയിട്ടെന്ന വിലയിരുത്തലും കേരള നേതൃത്വത്തിനുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി മത്സരിക്കുന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. ഇത്തവണ തൃശൂര്‍ കയ്യിലൊതുക്കാനുള്ള രാഷ്ട്രീയ ആയുധമായി കരുവന്നൂര്‍ അടക്കമുള്ള വിഷയങ്ങളും ബിജെപിക്ക് മുന്നിലുണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൃശൂര്‍ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നുണ്ട്. പൊതു വിഷയങ്ങളില്‍ അടക്കം സുരേഷ് ഗോപി ജില്ലയില്‍ കേന്ദ്രീകരിച്ച് ഇടപെടുന്നുണ്ട്. പദയാത്ര അടക്കം ഇതിന്റെ ഭാഗമായാണ് നടത്തിയത്. കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപി നയിച്ച സഹകരണ സംരക്ഷണ പദയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ നിന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പാര്‍ട്ടി പതാക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. കോരിച്ചൊരിയുന്ന മഴയത്ത് സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് പേര്‍ പദയാത്രയില്‍ അണിചേര്‍ന്നിരുന്നു. കരുവന്നൂരില്‍ പണം നഷ്ടപ്പെട്ട നിരവധി സഹകാരികളും പദയാത്രയെ അനുഗമിച്ചു. തട്ടിപ്പിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മച്ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പദയാത്ര ആരംഭിച്ചത്.