ഷാരൂഖ് ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു; നിരന്തരം വധഭീഷണി നേരിടുന്നതായി താരം

Share

മുംബയ്: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇതിന്റെ ഭാഗമായി ഷാരൂഖ് ഖാന് വൈ-പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതായി മുംബയ് പൊലീസ് അറിയിച്ചു. അടുത്തിടെ പുറത്തിറങ്ങി ബോക്സോഫീസില്‍ വന്‍ ഹിറ്റായി മാറിയ പതാന്‍, ജവാന്‍ എന്നീ സിനിമകളുടെ വിജയത്തിന് പിന്നാലെ വധഭീഷണി ഉണ്ടെന്ന ഷാരൂഖ് ഖാന്റെ പരാതിയെ തുടര്‍ന്നാണ് സുരക്ഷ ശ്കതമാക്കിയത്. തനിക്ക് നിരന്തരം വധഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് താരം മഹാരാഷ്ട്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. പിന്നാലെയാണ് താരത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ഷാരൂഖ് ഖാന് ചുറ്റും ഇനിമുതല്‍ ആയുധമേന്തിയ ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍ എപ്പോഴും കൂടെയുണ്ടാകും. നേരത്തെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരാണ് ഷാരൂഖിനൊപ്പമുണ്ടായിരുന്നത്. മുംബയ് അധോലോക സംഘത്തില്‍ നിന്നും നിരവധി തവണ ഷാരൂഖ് ഖാന് വധഭീഷണി ഉയര്‍ന്നിട്ടുണ്ട്.

2023 സെപ്തംബര്‍ 7-ന് ലോകമെമ്പാടും റിലീസ് ചെയ്ത ജവാന്‍ എന്ന ചിത്രം ആദ്യദിവസം തന്നെ 75 കോടി രൂയാണ് കളക്ഷന്‍ നേടിയത്. ഹിന്ദി ചലച്ചിത്ര ലോകത്ത് ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ സ്വന്തമാക്കിയ സിനിമ എന്ന പ്രത്യേകതയും ജവാന്‍ സ്വന്തമാക്കി. ഇന്ത്യയില്‍ മാത്രം 400 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ ജവാന് കഴിഞ്ഞു. നിലവില്‍ കെജിഎഫ് 2-വിന്റെ ഹിന്ദി കളക്ഷനെ കടത്തി വെട്ടിയിരിക്കുകയാണ് ജവാന്‍. പത്താന്‍, ബാഹുബലി, ദി കണ്‍ക്‌ളൂഷന്‍, ഗദര്‍-2 എന്നീ സിനിമകള്‍ക്കുശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഹിന്ദി സിനിമയും ജവാന് അവകാശപ്പെട്ടതാണ്. തമിഴ് സംവിധായകന്‍ അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍.