നീതിദേവതയുടെ കണ്ണുകള്‍ ഇനി മൂടിവെയ്ക്കില്ല

Share

രാജ്യത്തെ നിയമത്തിൽ ചരിത്രപരമായ തീരുമാനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. രാജ്യത്ത് ഇനി നീതി ദേവതയുടെ കണ്ണ് മൂടിവെയ്ക്കില്ല കണ്ണ് തുറന്ന് തന്നെ നീതി നടപ്പാക്കും. മാത്രമല്ല കൈകളിലുണ്ടായിരുന്ന വാളുകളും മാറ്റിയിട്ടുണ്ട്. പകരം ഭരണഘടനയാണ് നീതി ദേവതയുടെ കൈകളിലുണ്ടാകുക. രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും നിയമം അടയാളപ്പെടുത്തുന്നത് ശിക്ഷയല്ലെന്നുമുള്ള സന്ദേശമാണ് ഇതുവഴി നല്‍കാന്‍ ഉദ്ദേശിക്കുന്നത്.
നിയമത്തിന് മുന്നില്‍ എല്ലാവര്‍ക്കും തുല്യത എന്നതിനെയായിരുന്നു കണ്ണുമൂടിയത് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. കോടതിക്ക് മുന്നിലെത്തുന്നവരെ ആസ്തി, അധികാരം ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനില്‍ കാണരുതെന്നാണ്. അതേസമയം വാള്‍ നിയമപരമായ അധികാരത്തിന്റെയും ശിക്ഷിക്കാനുള്ള അവകാശത്തിന്റെയും പ്രതീകമായാണ് നിലകൊണ്ടിരുന്നത്.
കണ്ണുകള്‍ മൂടാത്ത, കൈയില്‍ ഭരണഘടനയേന്തിയ പുതിയ നീതിദേവതയുടെ പ്രതിമ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരമാണ് സുപ്രീം കോടതിയിലെ ലൈബ്രറിയില്‍ സ്ഥാപിച്ചത്. കൊളോണിയല്‍ പാരമ്പര്യം ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ തീരുമാനം. കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നിയമങ്ങളായ ഇന്ത്യന്‍ പീനല്‍ കോഡിന് ഭാരതീയ നിയമ സംഹിത നിലവില്‍ വന്നതു പോലൊരു മാറ്റമാണിത്.
ബ്രിട്ടീഷ് പാരമ്പര്യം ഉപേക്ഷിക്കണമെന്നും ഇന്ത്യ മുന്നോട്ടു പോകണമെന്നുള്ള നിലപാടിലാണ് സിജെഐ പുതിയ തീരുമാനം കൈക്കൊണ്ടത്. കൈയില്‍ ഭരണഘടനയേന്തുന്ന നീതിദേവത, നീതിയും ന്യായവും നടപ്പാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണെന്ന സന്ദേശം നല്‍കാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാള്‍ അഹിംസയുടെ പ്രതീകമാണെന്നും എന്നാല്‍ കോടതി നീതി നല്‍കുന്നത് ഭരണഘടനാ നിയമങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം നീതിയുടെ തുലാസുകള്‍ പഴയപടി തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്. കോടതിയിലെത്തുന്ന ഇരുപക്ഷത്തിന്റെയും വാദങ്ങളും പ്രതിവാദങ്ങളും വസ്തുതകളും കോടതികള്‍ തൂക്കിനോക്കണമെന്ന ആശയം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് അതില്‍ മാറ്റം വരുത്താത്തത്.