എഡിഎം നവീന്‍ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്

Share

പട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമത്തില്‍ എഡിഎം നവീന്‍ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്. ഫയല്‍ നീക്കത്തിന്റെ നാള്‍വഴികള്‍ ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്. എന്‍ഒസി നല്‍കുന്നതില്‍ നവീന്‍ ഉപേക്ഷ വരുത്തിയിട്ടില്ല. വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്.സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത് . കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എത്തി അധിക്ഷേപകരമായ പ്രസംഗം നടത്തിയതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ കുറിച്ച് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പഥത്തില്‍ ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും താന്‍ അതേ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും മന്ത്രി കെ രാജന്‍ പ്രതികരിച്ചു. നവീന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കളക്ടര്‍ക്ക് പങ്കുണ്ടോ എന്നത് റിപ്പോര്‍ട്ട് വന്നശേഷം നോക്കും. ആരെങ്കിലും കളക്ടര്‍ക്കെതിരെ പരാതി തന്നാല്‍ പരിശോധിക്കും. നവീന്‍ ബാബുവിന്റെ കുടുംബത്തെ ഒറ്റപ്പെടുത്തില്ല. കുടുംബത്തെ ചേര്‍ത്തു നിര്‍ത്തും, മകള്‍ക്ക് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.