ദുബായ്: കഴിഞ്ഞ ആറുമാസമായി അന്താരാഷ്ട്ര ബഹിരാകാശ യാത്രയിലുള്ള യു.എ.ഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പെടെയുള്ള 6 അംഗ സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര മാറ്റിവച്ചു. നാസയും സ്‌പേസ് എക്‌സും ബഹിരാകാശ പേടകമായ എന്‍ഡോവര്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്നും 2023 സെപ്റ്റംബര്‍ 2-ന് പുറംതള്ളപ്പെട്ട് 3-ാം തീയതി ഞായറാഴ്ച സുരക്ഷിതമായി ഫ്ളോറിഡ തീരത്ത് ഇറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഫ്ളോറിഡയെ ഇളക്കി മറിച്ച ഇഡാലിയ ചുഴലിക്കാറ്റിന്റെ ആഘാതം അന്തരീക്ഷത്തെ സാരമായി ബാധിച്ച സാഹചര്യത്തില്‍ ഭൂമിയിലേക്ക് ഇറങ്ങുമ്പോള്‍ അത് അപകടത്തിന് കാരണമായേക്കാമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഫ്ളോറിഡ തീരത്ത് ബഹിരാകാശ വാഹനം ഇറങ്ങാന്‍ തീരുമാനിച്ചിട്ടുള്ള സ്പ്ലാഷ്ഡൗണ്‍ സൈറ്റുകളിലുടനീളമുള്ള കാലാവസ്ഥ വ്യതിയാനങ്ങള്‍ സംയുക്ത ടീമുകള്‍ നിരീക്ഷിച്ചു വരികയാണെന്ന് നാസ അറിയിച്ചു. ബഹിരാകാശ ദൗത്യസംഘത്തിന്റെ മടക്കയാത്രയ്ക്ക് നേരിടേണ്ടി വരുന്ന അനുകൂല പ്രതികൂല സാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണെന്നും നാസ വ്യക്തമാക്കി.
ഇഡാലിയയുടെ വരവോടെ ഫ്ളോറിഡ തീരത്ത് കനത്ത പേമാരിക്കും ശക്തമായ ചുഴലിക്കാറ്റിനും കാരണമായിട്ടുണ്ട്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായതായും മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ആശങ്ക വേണ്ടെന്നും വൈകാതെ തന്നെ അനുയോജ്യമായ മറ്റൊരു തീയതിയും സമയും പ്രഖ്യാപിക്കുമെന്നും എന്നാല്‍ അതും കാലാവസ്ഥയെ ആശ്രയിച്ചായിരിക്കും തീരുമാനിക്കുകയെന്നും നാസ അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള നിര്‍ണായക യോഗം ചേരുകയാണെന്നും നാസ അറിയിച്ചു.