ലോക താരമായി ഷേയ്ഖ് മുഹമ്മദ്; ബഹിരാകാശത്ത് ആദ്യ പുസ്തക പ്രകാശനം

Share

ദുബായ്: ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന നിമിഷങ്ങളാണിത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ബഹിരാകാശ ദൗത്യവുമായി പുറപ്പെട്ട യു.എ.ഇ പൗരന്‍ സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പെട്ട 6 അംഗ സംഘത്തിന്റെ വിജയകരമായ മടക്കയാത്രയും പ്രതീക്ഷിച്ച് കണ്ണും നട്ടിരിക്കുകയാണ് ലോകം. എന്തായാലും ഈ കാത്തിരിപ്പിനിടയിലും ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്ന മറ്റൊരു അപൂര്‍വ വിശേഷമുണ്ട്. ലോകത്ത് ആദ്യമായി ബഹിരാകാശത്ത് ഒരു പുസ്തകത്തിന്റെ പ്രകാശന കര്‍മം നടന്നിരിക്കുന്നു എന്നതാണ് വിശേഷം. ആ പുസ്തകത്തിന്റെ ശില്‍പി മറ്റാരുമല്ല.. ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ യു.എ.ഇ-യുടെ ഏറ്റവും ശക്തനായ ഭരണാധികാരി എന്ന വിശേഷണത്തിന് അര്‍ഹനായ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുസ്‌തകത്തിന്റെ ശില്‍പി.

മരുഭൂമിയില്‍ നിന്ന് ബഹിരാകാശത്തേക്ക് ( The Journey from desert to the stars) എന്നാണ് പുസ്തകത്തിന്റെ തലക്കെട്ട്. പേര് കേള്‍ക്കുമ്പോള്‍ ബഹിരാകാശവുമായി ബന്ധപ്പെട്ട ശാസ്ത്ര ഗവേഷണങ്ങളുടെ പുസ്തകമാണെന്ന് തോന്നാം. എന്നാല്‍ ഈ പുസ്തകം കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്. ശക്തനായ ഭരണാധികാരിയാകുമ്പോള്‍ തന്നെ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് കുട്ടികളെ അതിരുകവിഞ്ഞ് സ്‌നേഹിക്കുന്നതിന്റെയും സ്‌നേഹിക്കപ്പെടുന്നതിന്റെയും എത്രയോ അസുലഭ മുഹൂര്‍ത്തങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ നന്‍മയുള്ള ഹൃദയത്തില്‍ നിന്നാണ് മരുഭൂമിയില്‍ നിന്ന് ബഹിരാകാശത്തേക്ക് എന്ന പുസ്തകം പിറവിയെടുക്കുന്നത്. ലോകത്ത് ആദ്യമായാണ് ഒരു പുസ്തകത്തിന്റെ പ്രകാശനം ബഹിരാകാശത്ത് നടക്കുന്നത് എന്നതില്‍ യു.എ.ഇ-ക്ക് അഭിമാനിക്കാം.

ഈ ബാലകൃതി പ്രകാശനം ചെയ്തു കൊണ്ട് ബഹിരാകാശത്ത് വച്ച് അല്‍ നെയാദി പറഞ്ഞതിങ്ങനെയാണ്…

ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രചിച്ച പുതിയ പുസ്തകത്തിന്റെ ഇ-പ്രിന്റ് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസില്‍ നിന്ന് തനിക്ക് ലഭിച്ചു. നമ്മുടെ കുട്ടികളുടെ ഹൃദയത്തില്‍ അസാധ്യമായതിനെക്കുറിച്ചുള്ള സ്‌നേഹവും നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിയും വളര്‍ത്തിയെടുക്കുന്ന ഒരു അത്ഭുതകരമായ പുസ്തകമാണിത്. യുഎഇയിലെയും ലോകമെമ്പാടുമുള്ള കുട്ടികളേയും ആകര്‍ഷിക്കുന്ന ശൈലിയില്‍ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദിന്റെ ചെറുപ്പത്തില്‍ നിന്നുള്ള പ്രചോദനാത്മകമായ കഥകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു എന്ന് പ്രകാശന വേളയില്‍ അല്‍ നെയാദി സാക്ഷ്യപ്പെടുത്തുന്നു. യു.എ.ഇ-യുടെ 1971 മുതലുള്ള ഇതിഹാസ യാത്രയെ വിവരിക്കുന്ന അഞ്ച് കഥകളാണ് പുസ്തകത്തിലുള്ളത്. എന്തായാലും ഇത് ഹിസ് ഹൈനസ് ഷേക്ക് മഹമ്മദ് എന്ന ഭരണാധികാരിയിലെ എഴുത്തുകാരന് ലഭിച്ച അസുലഭ നിമിഷങ്ങളാണ്..ഭൂമിയില്‍ രചിച്ച് ബഹിരാകാശത്ത് ആ കൃതി പ്രകാശനം ചെയ്യപ്പെടുന്ന ലോക ബഹുമതിയും വിശേഷണവും ഇനി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് മാത്രം സ്വന്തം..